ഉപ്പിലിട്ടത് വിൽക്കുന്ന കടയിലെ രാസലായനി കുടിച്ച് രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു
text_fieldsകോഴിക്കോട്: ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽനിന്ന് രാസലായനി കുടിച്ച് രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ കുഞ്ഞഹമ്മദിെൻറ മകൻ മുഹമ്മദ് (14), ഖാദറിെൻറ മകൻ സാബിദ് (14) എന്നിവര്‍ക്കാണ് ശരീരത്തിൽ പൊള്ളലേറ്റത്. മുഹമ്മദിന് വായ്ക്കുള്ളിലും സാബിദിന് തോളിലും പുറത്തുമായാണ് പൊള്ളൽ.
ആയട്ടിയിലെ മദ്റസയിൽനിന്ന് അധ്യാപകർക്കൊപ്പമാണ് വിദ്യാർഥികളുടെ സംഘം ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വരക്കല്‍ ബീച്ചില്‍ എത്തിയത്. തുടർന്ന്, ഇവിടത്തെ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്ന് കാരറ്റ് കഴിച്ചതിനു ശേഷം മുഹമ്മദിന് എരിവ് തോന്നിയപ്പോൾ കടയിലുണ്ടായിരുന്ന കുപ്പിയില്‍ വെള്ളമാണെന്നു കരുതി ലായനി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. വായ് പൊള്ളിയപ്പോൾ മുഹമ്മദ് പുറത്തേക്ക് തുപ്പിയ ലായനി അടുത്തുണ്ടായിരുന്ന സുഹൃത്ത് സാബിദിെൻറ ദേഹത്തുമായി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മുഹമ്മദിനെ നാട്ടിലേക്കു കൊണ്ടുപോവുകയും പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, സാബിദിന് പൊള്ളലേറ്റതായി അടുത്ത ദിവസമാണ് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് സാബിദിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സംഭവത്തിൽ ബന്ധുക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ വായിൽ നിന്നുള്ള ദ്രാവകത്തിെൻറ ഗന്ധത്തിൽ നിന്ന് ആസിഡ് കലർത്തിയ വിനാഗിരിയാവാം അപകടത്തിന് കാരണമായതെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നത്.
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആസിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്ന് നേരത്തേതന്നെ പരാതിയുണ്ട്. കോർപറേഷൻ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത ലായനികൾ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.
കടകളിൽ സംയുക്ത പരിശോധന
കുട്ടികൾക്ക് പരിക്കേറ്റതിനെ തുടർന്ന് വരക്കൽ ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന കടകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പും കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞ് ചൊവ്വാഴ്ച െെവകീട്ടോെടയായിരുന്നു നടപടി.
ഉപ്പിലിടാൻ ഉപയോഗിക്കുന്ന രാസലായനികളുടെ സാമ്പിളുകൾ വരക്കലിലെ 16ഓളം കടകളിൽനിന്ന് ശേഖരിച്ചു. അതേസമയം, അപകടത്തിന് കാരണമായ കട ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പഠനയാത്ര സംഘത്തിലുള്ളവരോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും കടയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലെന്ന് കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പി. ഷജിൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പ് അസി.കമീഷണർ കെ.കെ. അനിലൻ, കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. മിലു മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് പ്രധാന ബീച്ചിലെ കടകളിൽ പിന്നീട് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രത്യേക പരിശോധനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.