ബന്തിയോട് അപകടം: ഒരു വിദ്യാർഥി കൂടി മരിച്ചു; മരണം രണ്ടായി
text_fieldsകുമ്പള (കാസർകോട്): ബന്തിയോട് മുട്ടം ഗേറ്റിനു സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. മഞ്ചേശ്വരം ബഡാജെ സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫാ(20)ണ് ഇന്ന് രാത്രിയോടെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ സുഹൃത്ത് ഉപ്പള നയബസാർ സ്വദേശി മിസ്ഹബ് (21) ഇന്ന് ഉച്ചയോടെ മരണപ്പെട്ടിരുന്നു.
വെള്ളിയാഴ്‌ച രാവിലെ പത്തുമണിയോടെയാണ് ദേശീയപാത മുട്ടം ഗേറ്റിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മിസ്ഹബി (21)നെയും മഹറൂഫിനെ(20)യും ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഉച്ചയോടെ മിസ്ഹബ് ആശുപത്രിയിൽ വെച്ച് മരിച്ചു. വൈകീട്ട് ഏഴു മണിയോടെയാണ് മഹറൂഫിന്റെ മരണം സ്ഥിരീകരിച്ചത്. മംഗളൂരു ശ്രീനിവാസ കോളജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർഥികളാണ് ഇരുവരും.
ബഡാജെ സ്വദേശി ഹനീഫയുടെയും ശമീമയുടെയും മകനാണ് മഹറൂഫ്. സന, മൗഷൂക്ക് എന്നിവർ സഹോദരങ്ങളാണ്. നയാബസാർ നാട്ടക്കൽ ഹൗസിലെ അബ്ദുൽ കാദറിന്റെയും ഫൗസിയയുടെയും മകനാണ് മുഹമ്മദ് മിസ്ഹബ്. മുസ്‍ല, നദ, നൂഹ എന്നിവർ സഹോദരങ്ങളാണ്. മിസ്ഹബിന്റെ മൃതദേഹം മംഗൽപാടി ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മഹറൂഫിന്റെ മൃതദേഹം രാത്രിയോടെ മംഗൽപാടി ആശുപത്രിയിൽ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.