അപകീർത്തി വിഡിയോ പ്രചരിപ്പിച്ച രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
text_fieldsകാക്കനാട്: തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി ആമയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ടി.കെ. അബ്ദുൽ ഷുക്കൂർ (49), വെമ്പല്ലൂർ സ്വദേശി ശിവദാസൻ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആമയൂർ, തേൻകുറിശ്ശി മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് ഇരുവരും. കെ.ടി.ഡി.സി ജീവനക്കാരനാണ് ശിവദാസൻ. പാലക്കാട് പൊലീസിന്‍റെ സഹായത്തോടെ തൃക്കാക്കര പൊലീസാണ് ഇവരെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും അതിന് കമൻറ് ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ പിടികൂടിയത്.
ഷുക്കൂറിനെ വ്യാഴാഴ്ച അർധരാത്രി തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാക്കനാട് കോടതിയിൽ ഹാജരാക്കിയ ഷുക്കൂറിന് ഈ മാസം 30ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചു. ശിവദാസനെയും ജാമ്യത്തിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് വിവിധയിടങ്ങളിൽ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത്. മൂന്നുപേർ കൂടി കസ്റ്റഡിയിലുള്ളതായാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. രണ്ടുദിവസം മുമ്പാണ് ഡോ. ജോ ജോസഫിന്‍റെ പേരിൽ വ്യാജദൃശ്യം പ്രചരിച്ചത്. തുടർന്ന് സി.പി.എം നേതാക്കൾ പൊലീസിനെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തുവരുകയും ചെയ്തിരുന്നു.
അപകീർത്തി വിഡിയോ: കോൺഗ്രസിനെതിരെ സി.പി.എം
കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്‍റെ കൽപനയുണ്ടെന്ന് സി.പി.എം. അറസ്റ്റിലായത് കോൺഗ്രസ് പ്രവർത്തകരാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ആമയൂർ മണ്ഡലം പ്രസിഡന്‍റാണ് അറസ്റ്റിലായ ടി.കെ. ഷുക്കൂർ. ഇയാളെ പുറത്താക്കാൻ കോൺഗ്രസ് തയാറാകുമോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ചോദിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ ആജ്ഞ ശിരസ്സാവഹിച്ചാണ് മണ്ഡലം പ്രസിഡന്‍റ് ഈ പ്രവൃത്തി ചെയ്തത്. സംഭവത്തെ ന്യായീകരിച്ച് കെ.പി.സി.സി ഭാരവാഹിയായ ജോസി സെബാസ്റ്റ്യൻ രംഗത്തെത്തിയത് ചർച്ച ചെയ്യണം. ഒരു കേന്ദ്രത്തിൽനിന്ന് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഡിയോ പ്രചരിപ്പിച്ചത്.
ഒരേസമയം വിവിധ പേജുകളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഒരേസമയം നീക്കിയത് ഇതിന് പിന്നിലെ ആസൂത്രണം വ്യക്തമാക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റോ പ്രതിപക്ഷ നേതാവോ അപലപിച്ചിട്ടില്ല. കുറ്റകൃത്യവാസനയുള്ള കോൺഗ്രസുകാരാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് -നേതാക്കൾ കുറ്റപ്പെടുത്തി.
വ്യാജ വിഡിയോ പ്രചരിപ്പിച്ചത് അപലപനീയം -മഹിള നേതാക്കൾ
തിരുവനന്തപുരം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്താൻ വ്യാജ വിഡിയോ പ്രചരിപ്പിച്ചത് അപലപനീയമാണെന്ന് ഇടതു മഹിള സംഘടനകൾ. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് ഹീനമാർഗവും സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും അത്തരം ദുഷ്പ്രവണതക്കെതിരെ പ്രതിരോധം തീർക്കാൻ സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്നും സി.എസ്. സുജാത, പി.കെ. ശ്രീമതി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡോ. ജോ ജോസഫിനെതിരായ വിഡിയോ പ്രചാരണത്തിനു പിന്നിൽ ഗൂഢരാഷ്ട്രീയമുണ്ട്. രാഷ്ട്രീയ നേട്ടത്തിന് ഇത്തരം നിന്ദ്യമായ മാർഗം സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. അത്തരക്കാർക്കുള്ള മറുപടിയായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറും. താൽക്കാലിക രാഷ്ട്രീയനേട്ടത്തിന് വ്യക്തിഹത്യ ആര് നടത്തിയാലും അംഗീകരിക്കാനാകില്ല. വിഡിയോയുടെ ഉറവിടം കണ്ടെത്തണമെന്ന യു.ഡി.എഫ് ആവശ്യത്തോട് യോജിക്കുന്നെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.