വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊന്ന കേസിൽ പ്രധാന പ്രതിയടക്കം രണ്ടുപേർ പിടിയിൽ
text_fieldsകാട്ടൂർ: കാട്ടൂർക്കടവിൽ വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊന്ന കേസിൽ പ്രധാന പ്രതിയടക്കം രണ്ടുപേർ പിടിയിൽ. കരാഞ്ചിറ നന്തിലത്ത് പറമ്പിൽ ദർശൻ കുമാർ (34), ചേർപ്പ് പള്ളിയത്ത് രാകേഷ് (32) എന്നിവരെയാണ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
നന്താനത്തുപറമ്പിൽ ഹരീഷിെൻറ ഭാര്യ ലക്ഷ്മിയാണ് (43) കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ വീടിന് മുന്നിൽ വെട്ടേറ്റ് മരിച്ചത്. നേരത്തെ ഹരീഷുമായുണ്ടായിരുന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വാൾ കനോലി കനാലിൽനിന്ന് കണ്ടെടുത്തു. തൃപ്രയാർ പാലത്തിെൻറ കിഴക്ക് ഭാഗത്തുനിന്ന് നാട്ടിക അഗ്നിരക്ഷാസേനയാണ് ആയുധം കണ്ടെടുത്തത്. ഈ ഭാഗത്ത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു.
സംഭവം നടന്ന രാത്രി തന്നെ തൃശൂർ റൂറൽ എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷും സംഘവും പ്രതികൾക്കായി അന്വേഷണം തുടങ്ങിയിരുന്നു. പ്രതികളിൽ പുല്ലഴി നങ്ങീലിൽ ശരത്തിനെയും കരാഞ്ചിറ ചെമ്പാപ്പുള്ളി നിഖിലിനെയും ചേലക്കരയിൽ െവച്ച് വാഹനം തടഞ്ഞ് പിടികൂടി. എന്നാൽ, ഒന്നാം പ്രതി ദർശൻകുമാറും നാലാം പ്രതി രാഗേഷും രക്ഷപ്പെട്ടു. മൊബൈലും സമൂഹമാധ്യമവും ഉപയോഗിക്കാതെ പലയിടത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
ഒന്നാം പ്രതി ദർശൻകുമാർ മുടിവെട്ടി രൂപമാറ്റം വരുത്തി. മുഖം കഴുത്തറ്റം മറയ്ക്കുന്ന വലിയ മാസക്കും തൊപ്പിയും ഇരുവരും ഉപയോഗിച്ചിരുന്നു. കോൾപാടങ്ങളിലും കുറ്റിക്കാട്ടിലും ഒളിച്ചിരുന്ന ഇവർ പിന്നീട് ചെന്നൈയിലേക്ക് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. യാത്രക്കിെട കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതകം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ദർശനും രാഗേഷും. ചേർപ്പിൽ കഴിഞ്ഞ വർഷം ഉണ്ടായ കൊലപാതക കേസിലെ പ്രതിയാണ് രാഗേഷ്. കുപ്രസിദ്ധ ഗുണ്ടാനേതാവ് കായ്ക്കുരു രാഗേഷിെൻറ സംഘാംഗമായിരുന്ന ദർശൻ അഞ്ചുവർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കാട്ടൂർ ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു, കൊരട്ടി ഇൻസ്പെക്ടർ സി.ബി. അരുൺ, അന്തിക്കാട് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ, എസ്.ഐമാരായ ആർ. രാജേഷ്, കെ. സുഹൈൽ, ജസ്റ്റിൻ, രഞ്ചിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ പി. ജയകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ പ്രസാദ്, ഷഫീർ ബാബു, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, സ്പെഷൽ ബ്രാഞ്ച് ഓഫിസർ കെ.വി. ഫെബിൻ എന്നിവരാണ് പൊലീസ് സംഘത്തിൻ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.