പി.ആര്‍. ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗങ്ങൾക്ക് അതാതു സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീജേഷിന് രണ്ട് കോടി രൂപ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
രാജ്യാന്തര ഹോക്കി മത്സരങ്ങളിൽ നിർണായക പങ്കുവഹിച്ച പി.ആർ. ശ്രീജേഷ്, പാരിസ് ഒളിമ്പിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു. ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ സമ്മാനിച്ച ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.
പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിഭാഗം) എറണാകുളം സെക്ഷന്‍ ഓഫീസില്‍ ഹൈക്കോടതിയുടെ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് 55200- 115300 രൂപ ശമ്പള സ്കെയിലില്‍ ഒരു അസിസ്റ്റന്‍റ് എഞ്ചിനിയര്‍ തസ്തിക സൃഷ്ടിക്കും.
തിരുവനന്തപുര ജില്ലയിലെ വഴയില- പഴകുറ്റി- കച്ചേരിനട- പതിനൊന്നാംമൈല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്ലൈഓവര്‍ നിര്‍മ്മാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ടെണ്ടര്‍ അംഗീകരിക്കും. വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 112 കെട്ടിടങ്ങളുടെ ആകെ അംഗീകൃത മൂല്യനിര്‍ണയ തുകയായ 9,16,52,406 രൂപക്ക് അംഗീകാരം നല്‍കി.
കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതികൾക്കായി അനുവദനീയമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിറ്റിക്ക് നൽകുവാൻ നിയമങ്ങളിൽ ഇളവ് വരുത്തി കലക്ടർക്കു അനുവാദം നൽകിയ ഉത്തരവിൻറെ പരിധിയിൽ ജലനിധിയെ കൂടി ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.