മുനമ്പം വള്ളം അപകടം; രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു
text_fieldsചെറായി: മുനമ്പം കടലിൽ മുങ്ങിയ ഫൈബർ വള്ളത്തിൽനിന്ന് കാണാതായ നാലുപേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഴീക്കോട് ഭാഗത്ത് കടലിലും മാലിപ്പുറം ചാപ്പ കടപ്പുറത്തുമായാണ് ശനിയാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പിൽ സഹജന്റെ മകൻ ശരത് (അപ്പു -24), ചേപ്പളത്ത് മോഹനൻ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അഴീക്കോടുഭാഗത്ത് കടലിൽ കണ്ടെത്തിയ ശരത്തിന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മുരുക്കുംപാടം ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: ഗീത. ഉച്ചകഴിഞ്ഞ് ചാപ്പ കടപ്പുറത്ത് കണ്ടെത്തിയ മോഹനന്റെ മൃതദേഹം എറണാകളം ജനറൽ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം ഞായറാഴ്ച. ഭാര്യ: ഷീല. മക്കൾ: ആനന്ദ്, അനൂപ്, അജിക്ക്.
കാണാതായ മറ്റ് രണ്ടുപേർക്കായി മൂന്നുദിവസമായി തിരച്ചിൽ നടത്തുന്നുണ്ട്. മീൻപിടിത്തം കഴിഞ്ഞുവന്ന ഇൻബോർഡ് വള്ളത്തിൽനിന്ന് മത്സ്യം നിറച്ച് തിരികെ ഹാർബറിലേക്ക് വരുകയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് വ്യാഴാഴ്ച വൈകീട്ട് മുങ്ങിയത്. അമിതമായി ചരക്ക് കയറ്റിയതിനെത്തുടർന്ന് പിൻഭാഗത്തുകൂടി വെള്ളം കയറിയാണ് വഞ്ചി മുങ്ങിയത് എന്നാണ് നിഗമനം.
ചാപ്പ കടപ്പുറം സ്വദേശിയായ പടിഞ്ഞാറെ പുരക്കൽ ഷാജി (താഹ -52) ആലപ്പുഴ പള്ളിത്തോട് തച്ചേടത്ത് രാജു (58) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.