വടകരയിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
text_fieldsവടകര: ദേശീയപാത കരിമ്പനപ്പാലത്തിനു സമീപം പിക്അപ് ലോറി രണ്ടു ചരക്കുവാഹനങ്ങളിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. സേലം കമ്മലപ്പട്ടി സ്വദേശി രാജ് കന്തസാമി (32), കോയമ്പത്തൂർ വേളാണ്ടിപ്പാളയം മരുതു കോണാർ സ്ട്രീറ്റിലെ കെ. ശരവണകുമാർ (25) എന്നിവരാണ് മരിച്ചത്. രാജ് കന്തസാമി വടകര സഹകരണ ആശുപത്രിയിലും ശരവണകുമാർ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
കരിമ്പനപ്പാലം പഴയ പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം. തലശ്ശേരി ഭാഗത്തുനിന്നു വന്ന മിനി പിക്അപ് ലോറി മത്സ്യം കയറ്റി പോവുകയായിരുന്ന ലോറിയിലും പിന്നാലെ വന്ന പാർസൽ ലോറിയിലും ഇടിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വടകര അഗ്നിരക്ഷാസേന മിനി പിക്അപ് ലോറിയുടെ മുൻഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.
പിക്അപ് ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മരിച്ച രാജിന്റെ മൃതദേഹം ഗവ. ജില്ല ആശുപത്രിയിലേക്കു മാറ്റി. ശരവണ കുമാറിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.