മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു
text_fieldsഅടിമാലി: മാട്ടുപ്പെട്ടി എക്കോ പോയന്‍റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
തമിഴ്നാട്ടിലെ നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിദ്യാർഥികളായ വേണിക (19), ആദിക (19), സുധൻ (19) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കെവിനെ (19) മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് കുണ്ടള ഡാം കാണാൻ പോകുന്നതിനിടെ എക്കോ പോയന്‍റിനു സമീപമുള്ള വളവിൽ നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. വേണിക സംഭവസ്ഥലത്തും ആദിക ആശുപത്രിയിലുമാണ് മരിച്ചത്. മധുര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൂപ്പാറക്ക് സമീപത്ത് വെച്ചാണ് സുധൻ മരിച്ചത്. അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ ഡ്രൈവർ ഓടിമറഞ്ഞു.
ശരണ്യ, ജെബിൻ കുമാർ, പ്രിസില്ല, ബിനൂഷ, നിഷ, ധന്യ, ദിവ്യ, ജെബിൻ, ഗൗതം, രഞ്ജിത് കുമാർ, നരേഷ് ശങ്കർ, ബാഹിലൻ, അലൻ, വിഷാലിൻ, അശ്വിൻ, മോനിഷ്, അബിഷ്, ബെനിയൽ, ജാസ്ഫർ ജോഷ്, സയ്യദ് ആരിഫ്, ഇസൈ, പ്രദീഷ് കുമാർ, ബാസ്റ്റിൻ, ഷാൻ ജെ. മെർലിൻ, അജിൻ, സുലൈമാൻ, റോബിൻ, വിനു, അഞ്ചിത, ദീപക്, അധ്യാപികയായ ഷീന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.