ഒരാഴ്ചക്കിടെ രണ്ട് മരണം; കോവിഡ് നിഴലിൽ കണ്ണൂർ
text_fieldsകണ്ണൂർ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിഴലിൽ ജില്ല. ഒരാഴ്ചക്കിടെ രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നീണ്ട ഇടവേളക്കുശേഷം തുടർച്ചയായി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതയിലാണ്. ഡിസംബർ 15നാണ് പാനൂർ സ്വദേശിയായ വയോധികൻ മരിച്ചത്.
ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
എടക്കാട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചത് കഴിഞ്ഞദിവസമാണ്. കണ്ണൂർ സ്വകാര്യാശുപത്രിയിൽ മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയോട് ചേർന്ന പ്രദേശമായ കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ സ്വദേശിയും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജില്ലയിൽ പൊതുവായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തയിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളും ആരോഗ്യവകുപ്പും യോഗം ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂടുന്ന ചടങ്ങുകളും മറ്റും തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗസ്ഥിരീകരണം വർധിച്ചതായാണ് കണക്കുകൾ.
അതേസമയം, കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയായ ദക്ഷിണ കന്നടയിലും കുടകിലും മലയാളി യാത്രക്കാർക്ക് സ്ക്രീനിങ് തുടങ്ങി. ജില്ലയിൽനിന്നുള്ള യാത്രക്കാർക്ക് പനിലക്ഷണങ്ങളുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്.
നിലവിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാരവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കർണാടക സഞ്ചാരവിലക്ക് ഏർപ്പെടുത്തിയിരുന്നു. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിർത്തി ചെക്പോസ്റ്റുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്.
കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗം വർധിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദേശങ്ങളൊന്നും ഇല്ലാതെതന്നെ യാത്രയിലും ആളുകൾ കൂടുന്നിടങ്ങളിലും മാസ്ക് ധാരികൾ വർധിച്ചിട്ടുണ്ട്.
അതേസമയം ജില്ലയിൽ പനി കേസുകൾ വർധിച്ചിട്ടുണ്ട്. നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സതേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.