അഞ്ചുവർഷത്തിനുള്ളിൽ രണ്ട് ദുരന്തങ്ങൾ; ബന്ധുക്കളെയോർത്ത് വിതുമ്പി ഫസലുദ്ദീൻ
text_fieldsമനാമ: വയനാടിനെ തകർത്തെറിഞ്ഞ രണ്ട് ഉരുൾപൊട്ടൽ ദുരന്തത്തിനും ഇരയായ കുടുംബമാണ് ഫസലുദ്ദീന്റേത്. 2019 ലുണ്ടായ പുത്തുമല ദുരന്തവും ഇപ്പോഴത്തെ മുണ്ടക്കൈ ദുരന്തവും തകർത്തെറിഞ്ഞത് തന്റെ ബന്ധുക്കളെയൊന്നാകെയാണെന്ന് ബഹ്റൈനിലുള്ള ഫസലുദ്ദീൻ പറയുന്നു. മേപ്പാടിയിൽനിന്ന് ഫസലുദ്ദീന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചത് പുത്തുമലയിലേക്കായിരുന്നു.
അന്നത്തെ ദുരന്തത്തിൽ അളിയൻ ജലീലിന്റെ വീടും വസ്തുവകകളുമെല്ലാം നാമാവശേഷമായി. പെങ്ങളും അളിയന്റെ കുടുംബവും അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയുണ്ടാക്കിയ സമ്പത്തൊന്നാകെ നഷ്ടപ്പെട്ടു. കുറെക്കാലം അളിയനും കുടുംബവും വാടകവീടുകളിൽ കഴിഞ്ഞു.
അതിനുശേഷം ഫസലുദ്ദീന്റെ വീടിനടുത്ത് ചെമ്പോത്രയിൽ സന്നദ്ധ സംഘടനകൾ വീട് നിർമിച്ച് നൽകി. അതിൽ താമസിച്ചു വരുമ്പോഴാണ് ഇപ്പോൾ അടുത്ത ദുരന്തമുണ്ടായത്. ഇരകളായത് ജലീലിന്റെ പെങ്ങൾ ഷബ്നയും ഭർത്താവ് ഷംസുവും രണ്ട് പിഞ്ചുമക്കളും.
ഇവരുടെ ഒരു മകൾ ഷംഹ മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവ സ്ഥാനത്തിനടുത്ത് മുണ്ടക്കൈയ്ക്കു മുകളിലായി പുഞ്ചിരിമട്ടത്തായിരുന്നു അവരുടെ വീട്. ഈ കുടുംബത്തിന്റെ വീടടക്കം ആ പ്രദേശം തന്നെ ഇല്ലാതായി. ഷബ്നയുടെ മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയത്. ഷംസുവിന്റെയും രണ്ട് മക്കളുടേയും മൃതദേഹങ്ങൾ ലഭിച്ചിട്ടില്ല.
രാത്രിയിൽ ഉരുൾപൊട്ടലുണ്ടായതറിഞ്ഞ് ഫസലുദ്ദീന്റെ അളിയൻ ജലീൽ ചെമ്പോത്രയിൽനിന്ന് പുത്തുമലയിലേക്ക് എത്തിയിരുന്നു. പാലവും റോഡും തകർന്നതിനാൽ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. രാത്രിതന്നെ അളിയൻ വിളിച്ച് ഇക്കാര്യമറിയിച്ചെന്നും ആ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും ഫസലുദ്ദീൻ പറഞ്ഞു. മുഹറഖിലെ റെഡിമെയ്ഡ് ഷോപ്പിൽ ജീവനക്കാരനായ ഫസലുദ്ദീൻ 10 വർഷമായി ബഹ്റൈൻ പ്രവാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.