കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ പിടിയിൽ
text_fieldsചാവക്കാട്: താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ പിടിയിൽ. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രദീപ് കോശി, അനസ്തേഷ്യ നൽകുന്ന ഡോ. വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. പൂവ്വത്തൂർ സ്വദേശി ആഷിക്കിന്റെ പരാതിയിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ആഷിക്കിന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാണ് പണം ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടത്താനുള്ള ദിവസം. അതിന്റെ മുന്നോടിയായി ബുധനാഴ്ച തന്നെ ഡോ. പ്രദീപ് കോശി 3000 രൂപയും വീണ വർഗീസ് 2000 രൂപയുമാണ് ആവശ്യപ്പെട്ടത്. പൊതുപ്രവർത്തകനായ ആഷിക് ഇതോടെ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രിക്ക് സമീപം പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടിൽനിന്നാണ് ഇരുവരും പിടിയിലായത്. പണം ഇവിടെ എത്തിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. പണം ഫിനാഫ്തലിൻ പൗഡർ മുക്കി ഇരുവർക്കും നൽകാനായി വിജിലൻസ് ആഷിക്കിനെ ഏൽപിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രസവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർ കൈക്കൂലി ആവശ്യപെടുന്നുവെന്ന് പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.