കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫിസിലെ രണ്ട് ജീവനക്കാര്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി: ആധാരത്തിന്റെ പകർപ്പ് നല്കാന് കൈക്കൂലി ആവശ്യപ്പെട്ട കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസിലെ രണ്ട് ജീവനക്കാരെ വിജിലന്‍സ് സംഘം പിടികൂടി. പരാതിക്കാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കൈക്കൂലി വാങ്ങുന്നതിനിടെ ഓഫിസ് അറ്റൻഡര്‍മാരായ കെ. കൃഷ്ണദാസ്, കെ. ചന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്. വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അരിമ്പ്ര സ്വദേശിനി പരേതയായ കാളങ്ങാടന്‍ ചിരുതക്കുട്ടിയുടെ പേരിലുള്ള 95 സെന്റ് ഭൂമിയുടെ ആധാര പകര്‍പ്പിനായി മകന് അച്യുതന്‍കുട്ടി ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. 1980ന് മുമ്പുള്ള ആധാര വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടെന്നും ഇതിനായി 50,000 രൂപ നല്‍കണമെന്നും ഓഫിസ് അറ്റൻഡര്‍മാരായ കൃഷ്ണദാസും ചന്ദ്രനും പറഞ്ഞെന്നാണ് പരാതി. അപേക്ഷകരുമായി ഇരുവരും നടത്തിയ ചര്‍ച്ചയില്‍ 25,000 രൂപക്ക് 'കരാർ' ഉറപ്പിക്കുകയും ചെയ്തു.
1,000 രൂപ മുന്‍കൂറായി നല്കി. ആദ്യ ഗഡുവായി 10,000 രൂപ നല്കുന്നതിനു മുമ്പാണ് വിജിലന്സുമായി പരാതിക്കാര്‍ ബന്ധപ്പെട്ടത്. തുക കൈമാറ്റത്തിനിടെ ഇരുവരെയും വിജിലൻസ് പിടികൂടുകയായിരുന്നു. തുടർന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
കരാറുകാരനിൽനിന്ന് കൈക്കൂലി: ഇറിഗേഷൻ എൻജിനീയർ വിജിലൻസ് പിടിയിൽ
കോട്ടയം: കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വിഭാഗം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ വിജിലൻസ് പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസാണ് (56) അറസ്റ്റിലായത്.
വിരമിക്കാൻ ഏഴുമാസം ശേഷിക്കെയാണ് ഇയാൾ കുടുങ്ങിയത്. രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകാനായി കരാറുകാരനിൽനിന്ന് 10,000 രൂപയാണ് വാങ്ങിയത്.
2016-17 സാമ്പത്തികവർഷം ജില്ലയിൽ നടന്ന അഞ്ച് ഇറിഗേഷൻ ജോലി ഏറ്റെടുത്ത കരാറുകാരന്റെ പരാതിയിലാണ് അറസ്റ്റ്. കരാറിന്റെ ഭാഗമായി സെക്യൂരിറ്റി തുകയായി രണ്ടര ലക്ഷം രൂപ കെട്ടിവെച്ചിരുന്നു. കരാർ പ്രകാരം ഒരു വർഷത്തിനുശേഷം പണം തിരികെ നൽകണമെങ്കിലും തടഞ്ഞുവെച്ചു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ നിരവധിപ്രാവശ്യം ഓഫിസ് കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, ബിനു കൈക്കൂലി ആവശ്യവും ഉന്നയിച്ചെന്ന് വിജിലൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.