അറ്റകുറ്റപ്പണിക്കിടെ തീപിടിച്ച് രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു
text_fieldsമണ്ണഞ്ചേരി: കായലോരത്ത് കെട്ടിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പാചക വാതക സിലിണ്ടറിന് തീപിടിച്ച് രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. അഞ്ച് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വെൽഡിങ് തൊഴിലാളികളും സമീപവാസികളുമായ അബിൻ (37), ഷിബു (50), മധുസൂദനൻ (52), മുഹമ്മദ് അസ്‌ലം (28), ബീഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (32) എന്നിവരാണ് ചികിത്സയിലുള്ളത്. ആലപ്പുഴ കാളാത്ത് കുറ്റിപ്പുറത്ത് കെ.എം. കണ്ണന്റെ ഒരു ബെഡ്റൂം ഹൗസ് ബോട്ടും ചുങ്കം സ്വദേശി ജോസ് കളപ്പുരയ്ക്കലിന്റെ മൂന്ന് ബെഡ്റൂം ഹൗസ് ബോട്ടുമാണ് കത്തിനശിച്ചത്.
ആര്യാട് ആസ്പിൻവാൾ കിഴക്ക് സീതാറാം യാർഡിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ചെറിയ ഹൗസ് ബോട്ടിൽ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടറിൽ നിന്ന് തീ ഉയർന്നതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ സമയം സമീപത്ത് കെട്ടിയിട്ടിരുന്ന വലിയ ഹൗസ് ബോട്ടിലേക്കും തീ പടർന്നു. രണ്ട് ഹൗസ് ബോട്ടുകളും പൂർണമായും അഗ്നിക്കിരയായി.
സമീപത്തുണ്ടായിരുന്ന വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേന എത്താൻ മുക്കാൽ മണിക്കൂറോളം വൈകിയതായി നാട്ടുകാർ ആരോപിച്ചു. എന്നാൽ, ചെറിയ റോഡായതിനാൽ അഗ്നിശമന സേനയുടെ വാഹനത്തിന് കടന്നു വരാൻ കഴിയാത്തതാണ് വൈകുവാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജീപ്പിലും മറ്റുമായെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.