ശമ്പളം നൽകുന്നതിൽ കെ.എസ്.ആർ.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ടു നീതി; ദിവസം 60,359 യാത്രക്കാരുള്ള മെട്രോയുടെ നഷ്ടം പ്രതിദിനം ഒരു കോടി രൂപ
text_fieldsകോട്ടയം: ജോലി ചെയ്യുന്നവർക്ക് കൂലി നൽകുന്നതിൽ കെ.എസ്.ആർ.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ടു നീതി. പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട രണ്ടു സംവിധാനങ്ങളും വൻ നഷ്ടത്തിലാണെങ്കിലും കൊച്ചി മെട്രോയിലെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന് അവസാന പരിഗണന മാത്രമാണ് കിട്ടുന്നത്.
വായ്പാ തിരിച്ചടവുമുതൽ സ്പെയർപാർട്സ് വാങ്ങുന്നതിനു വരെ തുക മാറ്റിവെച്ചതിന് ശേഷമെ ശമ്പളത്തെക്കുറിച്ചു ചിന്തിക്കുന്നുള്ളൂ. 2022 മേയ് അഞ്ചിന് 3785 ബസുകൾ ഓടിക്കാൻ 7,570 ഡ്രൈവർമാരെയും കണ്ടക്ടർമാരെയുമാണ് നിയോഗിച്ചിരുന്നത്. ഇവർ 12.60 ലക്ഷം കിലോമീറ്റർ ബസുകൾ ഓടിച്ച് 19.77 ലക്ഷം യാത്രക്കാരെ കയറ്റിയിറക്കി. 6.698 കോടി രൂപയായിരുന്നു ഈ ദിവസത്തെ വരുമാനം. ഒരു ബസിന് 17,698 രൂപ പ്രകാരം ശരാശരി വരുമാനം നേടി. ഒരു കിലോമീറ്ററിൽ നിന്ന് കോർപറേഷന് കിട്ടിയ വരുമാനം 53.15 രൂപയാണ്. ഏപ്രിൽ മാസം 158 കോടി രൂപയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വരുമാനം. ഇതിൽ ശമ്പളം നൽകാൻ വേണ്ടത് 82 കോടിയായിരുന്നു. പ്രതിദിനം 5.56 കോടി രൂപ വരുമാനമുണ്ടാക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ശമ്പളയിനത്തിൽ പ്രതിദിനം ചെലവഴിക്കേണ്ടിവരുന്നത് 2.73 കോടി രൂപയാണ്. എന്നിട്ടും ശമ്പളത്തിന് പ്രഥമ പരിഗണന നൽകാൻ മാനേജ്മെന്റ് തയാറാകുന്നില്ല. അതേസമയം നഷ്ടം കുറക്കാക്കാനുള്ള മറ്റുവഴികൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനും അവർ തയാറാകുന്നില്ല.
ലഭ്യമായ കണക്കുകൾ അനുസരിച്ച് മെയ് അഞ്ചിന് 2,95,602 ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി ഉപയോഗിച്ചത്. മൊത്തവില അനുസരിച്ച് കോർപറേഷന് ഡീസൽ കിട്ടുന്നത് ലിറ്ററിന് 128.77 രൂപ നിരക്കിലാണ്. പുറത്തു സ്വകാര്യ പമ്പിൽ നിന്ന് 102.35 രൂപക്കും കെ.എസ്.ആർ.ടി.സിക്ക് ഡീസലടിക്കാനാവും. ഇങ്ങനെ ചെയ്താൽ പ്രതിദിനം 78 ലക്ഷം രൂപയുടെ ലാഭം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും.
കൊച്ചി മെട്രോയുടെ പ്രതിദിന നഷ്ടം ഒരു കോടി രൂപയാണ്. ഇത് സർക്കാർ നികത്തുന്നുണ്ട്. മെട്രോയുടെ പ്രതിദിന യാത്രികരുടെ എണ്ണം 60,359 മാത്രമാണ്. ഇതേ മാനദണ്ഡമനുസരിച്ച് നോക്കിയാൽ ദിവസവും 19 ലക്ഷത്തിലേറെ യാത്രക്കാരെ കൊണ്ടുപോകുന്ന കെ.എസ്.ആർ.ടി.സിക്ക് സർക്കാർ പ്രതിദിനം 32.75 കോടി രൂപ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.