ചാരുംമൂട് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം; വീട്ടമ്മയുടെ നില ഗുരുതരം
text_fieldsചാരുംമൂട്: കൊല്ലം-തേനി ദേശീയ പാതയിൽ ചാരുംമൂട് പത്തിശ്ശേരിൽ ക്ഷേത്രത്തിനു മുൻവശം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം. അഞ്ചുപേർക്ക് പരിക്ക്. ഓട്ടോയിലുണ്ടായിരുന്ന വീട്ടമ്മയുടെ നില ഗുരുതരം. കാറിൽ സഞ്ചരിച്ച കുട്ടികളടക്കം നാലുപേർക്ക് പരിക്കേറ്റു.
ഓട്ടോഡ്രൈവർ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയിൽ ചോണേത്ത് അജ്മൽഖാൻ (തമ്പി-57), ഓട്ടോയിൽ യാത്ര ചെയ്ത ചുനക്കര തെക്ക് രാമനിലയത്തിൽ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഓട്ടോ യാത്രക്കാരി ചുനക്കരനടുവിൽ തെക്കണശ്ശേരി തെക്കതിൽ ദിലീപ് ഭവനം മണിയമ്മയെ (57) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.
ചാരുംമൂട്ടിൽനിന്ന് ചുനക്കരക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. എതിർദിശയിൽനിന്ന് വന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോസഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചുകയറി. ഓട്ടോ പൂർണമായും തകർന്നു. കാറിന്‍റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. കാറിടിച്ച് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞു.
ചെന്നൈയിൽ ജോലി ചെയ്യുന്ന പ്രബിനും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. കൊല്ലം പുത്തൂരേക്ക് വരികയായിരുന്നു ഇവർ. അപകടത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിയവരെ 15 മിനിറ്റ് കഴിഞ്ഞാണ് പുറത്തെടുത്തത്.
ഇവരെ കാറിലും ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. അനിൽകുമാർ സഞ്ചരിച്ച പഞ്ചായത്തിന്‍റെ ജീപ്പിലുമായാണ് കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചാരുംമൂട്ടിൽ നിന്നും സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും. അജ്മലിന്‍റെ ഭാര്യ: ഷൈല. മക്കൾ: അഫ്സൽ ഖാൻ, ആയിഷ. പരേതനായ രാമൻ നായരാണ് തങ്കമ്മയുടെ ഭർത്താവ്. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ശിവൻ, തുളസി, നാരായണൻ നായർ, രജനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.