നിർമാണത്തിലിരുന്ന വീട് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു
text_fieldsകൊട്ടിയം: നിർമാണം നടക്കുന്ന വീടിന്‍റെ കോൺക്രീറ്റ് പാളികൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വാളത്തുംഗൽ തോണ്ടി വയലിൽ വീട്ടിൽ രഘു (43), അയത്തിൽ വലിയ മാടം കല്ലുംപുറത്തു വീട്ടിൽ അജന്തൻ (43) എന്നിവരാണ് മരിച്ചത്. അയത്തിൽ സ്വദേശി ബിനുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കൊട്ടിയം ജങ്ഷനടുത്ത് വനിത ഫാഷൻ ജ്വല്ലറിക്ക് തെക്കുവശത്തായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി വിനോദ് കുമാറിന് നിർമിക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ കോൺക്രീറ്റാണ് തകർന്നത്. പുറത്ത് തേക്കിൻകഴകൾ കൊണ്ട് നിർമിച്ച ചാരത്തിൽ നിന്ന തൊഴിലാളികളുടെ പുറത്തേക്ക് കോൺക്രീറ്റ് പാളി വീഴുകയായിരുന്നു. മറ്റ് തൊഴിലാളികൾ പ്രദേശവാസികളുടെ സഹായത്തോടെ മൂവരെയും പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രഘുവിനെ രക്ഷിക്കാനായില്ല. പരിക്ക് ഗുരുതരമായതിനാൽ അജന്തനെയും ബിനുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
മൃതദേഹങ്ങൾ അതത് മെഡിക്കൽ കോളജ് ആശുപത്രികളിലെ മോർച്ചറിയിൽ. രഘുവിന്‍റെ ഭാര്യ: കാർത്തിക. മകൾ: കീർത്തന. പ്രശാന്തിയാണ് അജന്തന്‍റെ ഭാര്യ. കാശിനാഥ്, കൈലാസ് നാഥ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.