ഏഴു വർഷത്തിനകം കേരളം മടക്കി നൽകേണ്ടത് രണ്ടു ലക്ഷം കോടി
text_fieldsതിരുവനന്തപുരം: ഏഴു വർഷത്തിനകം സംസ്ഥാനം തിരിച്ചടക്കേണ്ടത് രണ്ടു ലക്ഷം കോടിയോളം രൂപയുടെ കടം. 1,95,293.29 കോടിയാണ് 2028-29 നകം മടക്കികൊടുക്കേണ്ടത്. 1,80,319 കോടി ആഭ്യന്തര കടവും 14,973 കോടി കേന്ദ്ര വായ്പയുമാണ്.
22-23, 23-24 വർഷങ്ങളിലായി 35,979.56 കോടി, 24-25, 25-26ൽ 37,659.26 കോടി, 26-27, 27-28ൽ 37,986.41 കോടി എന്നിങ്ങനെയാണു തിരിച്ചടക്കേണ്ടതെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 20-21ൽ 11,709.50 കോടിയായിരുന്നു തിരിച്ചടക്കാൻ ഉണ്ടായിരുന്നത്. 20-21ൽ റവന്യൂ വരുമാനത്തിന്‍റെ 21.49 ശതമാനം പലിശ നൽകാൻ മാത്രം വിനിയോഗിച്ചു.
മൊത്തം ധനബാധ്യതയിൽ 54 ശതമാനവും കടമാണ്. കുടിശ്ശികയുള്ള കടം ജി.എസ്.ഡി.പിയുടെ 39.87 ശതമാനമാണ്. 29.67 ശതമാനത്തിൽ നിലനിർത്തണമെന്നായിരുന്നു സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിൽ ലക്ഷ്യമിട്ടത്. കടത്തിന്‍റെ അനുപാതം 19-20ലെ 20.43ൽനിന്ന് 20-21ൽ 27.07 ശതമാനമായി. പലിശ ചെലവിന്‍റെ അനുപാതവും ഉയർന്നു. ബജറ്റിനു പുറമെ, കടമെടുത്തതിന്‍റെ കുടിശ്ശിക ബാധ്യത ഉൾപ്പെടെ 20-21ൽ കടം 3,24,855.06 കോടിയാണ്.
ജി.എസ്.ടി നഷ്ട പരിഹാരമായ 5766 കോടി ഒഴിവാക്കിയാൽ 3,19,089.06 കോടിയും. റവന്യൂ കമ്മി 19-20 ലെ 14,495.25 കോടിയിൽനിന്ന് 20-21ൽ 25,829.50 കോടിയായി. 78.19 ശതമാനം വർധന. ജി.എസ്.ഡി.പിയുമായി ധനകമ്മിയുടെ അനുപാതം മൂന്നു ശതമാനമായി നിജപ്പെടുത്തണമെന്ന് വ്യവസ്ഥ വന്നെങ്കിലും മുൻവർഷത്തെ 4.17ൽനിന്ന് 20-21ൽ 5.40 ശതമാനമായി. കേന്ദ്രം അഞ്ച് ശതമാനമായി വർധിപ്പിച്ചിട്ടും ഇവിടെ 5.40 ശതമാനമായി. റവന്യൂ കമ്മി 244.85 കോടിയും ധനകമ്മി 9471.59 കോടിയും കുറച്ചു കാണിക്കുകയും ചെയ്തു.
കമ്പനികളിലും പൊതുമേഖലയിലും മറ്റും സർക്കാർ നിക്ഷേപിച്ച പണത്തിൽനിന്ന് 1.3 ശതമാനമാണ് വരുമാനം. എന്നാൽ, കടങ്ങൾക്ക് 7.33ശതമാനം പലിശ നൽകി. കഴിഞ്ഞ വർഷം റവന്യൂ വരവ് 8.19 ശതമാനവും തനത് നികുതി വരവ് 5.29 ശതമാനവും തനത് നികുതിയേതര വരവ് 40.26 ശതമാനവും കേന്ദ്ര നികുതികളുടെയും ചുങ്കങ്ങളുടെയും സംസ്ഥാന വിഹിതം 29.51 ശതമാനവും കുറഞ്ഞു. കേന്ദ്ര സഹായം 176.52 ശതമാനം വർധിച്ചു. റവന്യൂ ചെലവ് 17.88 ശതമാനവും വർധിച്ചു. പൊതുസേവനങ്ങളുടെ ചെലവ് 9.27 ശതമാനം കുറഞ്ഞു. സാമൂഹിക സേവന റവന്യൂ ചെലവ് 31.69 ഉം സാമ്പത്തിക സേവന റവന്യൂ ചെലവ് 106ഉം ധനസഹായ ചെലവ് 56.54 ഉം ശതമാനം വർധിച്ചു. മൂലധന ചെലവ് 54.42 ശതമാനവും കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.