രണ്ടുലക്ഷം 'നിഗൂഢ' റേഷൻ കാർഡുകൾ: കുരുക്ക് മുറുക്കി പൊതുവിതരണ വകുപ്പ്
text_fieldsതൃശൂർ: സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം 'നിഗൂഢ' റേഷൻ കാർഡുകൾ. അനർഹരും വ്യാജരും ഉൾക്കൊള്ളുന്ന, ആധാറുമായി ബന്ധിപ്പിക്കാത്ത കാർഡ് ഉടമകളെ കണ്ടെത്താൻ കെണി ഒരുക്കുകയാണ് പൊതുവിതരണ വകുപ്പ്. ഒരുമാസത്തെ സമയം നൽകിയിട്ടും നല്ലൊരു ശതമാനം പേർ അനർഹമായ കാർഡുകാർ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ സന്നദ്ധത കാണിക്കാത്ത സാഹചര്യമാണുള്ളത്.
അനർഹർക്ക് കാർഡ് മാറാൻ അവസരം നീട്ടിനൽകിയ ജൂലൈ 15ന് പിന്നാലെ കർശന നടപടികളുണ്ടാകും. നാലുചക്ര വാഹനമുള്ളവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ, അവർക്ക് വേതനം ലഭിക്കുന്ന സ്പാർക്കിലൂടെ വിവരങ്ങൾ ശേഖരിച്ച് അനർഹരെ കണ്ടെത്തും. ഈ രണ്ടുനടപടികൾക്കും അനുമതി തേടി പൊതുവിതരണ വകുപ്പ് സർക്കാറിന് കത്തയച്ചു.
അതേസമയം, റേഷൻ ഗുണഭോക്താക്കളായ മുൻഗണന പട്ടികക്കാരിൽ ഇടം ലഭിക്കാൻ രണ്ടുലക്ഷത്തോളം അപേക്ഷകളാണ് വിവിധ താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിച്ചത്. ഇതിൽ 1.29 ലക്ഷം പേർ അർഹരാണെന്ന് കണ്ടെത്തി. ഒന്നാം പിണറായി സർക്കാറിെൻറ അവസാന ഘട്ടത്തിൽ നടത്തിയ സാന്ത്വന സ്പർശം അദാലത്തിൽ ഏറ്റവും അർഹരായ റേഷൻ കാർഡുകാരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇവരെ പോലും ഈ വിഭാഗത്തിൽ ഉൾപ്പെടുത്താനാവാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരുമാസം കൊണ്ട് 66,000 അനർഹരാണ് മുൻഗണന വിഭാഗത്തിൽനിന്ന് പുറത്തായത്. ഓരോ റേഷൻ വ്യാപാരിയും 10 അനർഹരായ കാർഡ് ഉടമകളെ കണ്ടെത്തി വിവരം നൽകണമെന്ന് അനൗദ്യോഗിക നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.