നീലക്കുറിഞ്ഞി കണ്ടത് രണ്ട് ലക്ഷത്തിലധികം സഞ്ചാരികൾ
text_fieldsതൊടുപുഴ: നീലക്കുറിഞ്ഞി വസന്തം അവസാനിക്കാനിരിെക്ക, കുറിഞ്ഞി കണ്ടത് രണ്ട് ലക്ഷത്തിലധികം സഞ്ചാരികൾ. രാജമലയിൽ മാത്രം ഒരുലക്ഷത്തിഇരുപതിനായിരത്തോളം പേർ കുറിഞ്ഞി കാണാനെത്തി. കൊളുക്കുമലയിൽ ഡി.ടി.പി.സി സെൻറർ മുഖേന അമ്പതിനായിരത്തിലധികം വിനോദസഞ്ചാരികൾ എത്തിയെന്നാണ് ടൂറിസം വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്.
കൂടാതെ മറയൂർ, വട്ടവട മേഖലകളിലും വിനോദസഞ്ചാരികൾ നീലക്കുറിഞ്ഞി പൂക്കൾ ആസ്വദിക്കാനെത്തി. ഇരവികുളം നാഷനൽ പാർക്ക്, കൊളുക്കുമല, വട്ടവട എന്നീ സ്ഥലങ്ങളിലാണ് 12 വർഷത്തെ ഇടവേളയിൽ നീലക്കുറിഞ്ഞി കൂടുതലായി പൂത്തത്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ തയാറാക്കിയ നീലക്കുറിഞ്ഞി മൊബൈൽ ആപ്ലിക്കേഷൻ സന്ദർശകർക്ക് വിവരങ്ങൾ ലഭിക്കാൻ സഹായകരമായിട്ടുണ്ട്. പ്രളയത്തെ തുടർന്ന് തകർന്ന വിവിധ പാർക്കിങ് സ്ഥലങ്ങളുടെ നവീകരണം മൂന്നാറിന് വളരെ പ്രയോജനകരമായിട്ടുണ്ട്. പാർക്കിങ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാൻ സഹായിച്ചു.
കെ.എസ്.ആർ.ടി.സിയും ടാക്സി വാഹനങ്ങളും ഇരവികുളത്തേക്ക് സർവിസ് നടത്തുന്നുണ്ട്. ഹൈഡൽ ടൂറിസം, പാർക്കിങ് ഗ്രൗണ്ട്, സ്പോർട്സ് കൗൺസിൽ ഗ്രൗണ്ട്, പഞ്ചായത്ത് പാർക്കിങ് ഗ്രൗണ്ട് എന്നിവ തുടർന്നും വിനോദസഞ്ചാരികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നവംബർ ആദ്യവാരത്തോടെ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.