മയക്കുമരുന്ന് വിതരണ സംഘത്തിലെ രണ്ടുപേർ പിടിയിൽ
text_fieldsവൈറ്റില: മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേർ പിടിയിലായി. കാസർകോട് ബംബ്രാണ കിദേര സക്കറിയ മൻസിൽ ഷേണായി എന്ന സക്കറിയ (32), ഇടുക്കി വലിയതോവാള കുറ്റിയാത്ത് വീട്ടിൽ അമൽ വർഗീസ് (26) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം ഐ.ബി, എറണാകുളം ടൗൺ നോർത്ത് സർക്കിൾ എന്നിവർ പിടികൂടിയത്.
ഇവരുടെ താമസസ്ഥലത്തും കൈവശത്തുനിന്നുമായി 62.574 ഗ്രാമോളം വൈറ്റ് മെത്തും 3.300 കിലോയോളം കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. ലാപ്ടോപ്, രണ്ട് സ്മാർട്ട് ഫോൺ, സിപ് ലോക കവറുകൾ, ആഡംബര ബൈക്ക്, 16,500 രൂപയും കസ്റ്റഡിയിലെടുത്തു. എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവതി- യുവാക്കൾക്ക് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്.
സമൂഹ മാധ്യമങ്ങൾ വഴി ‘മാഡ് മാക്സ്’ എന്ന പ്രത്യേക തരം ഗ്രൂപ്പുണ്ടാക്കിയായിരുന്നു വിൽപന. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് രാത്രിഎത്തിക്കുന്നതായിരുന്നു രീതി. സ്കൂൾ, കോളജ് വിദ്യാർഥികളാണ് പ്രധാനമായും ഇവരുടെ ഇരകൾ. കാസർകോട്, മൈസൂരു എന്നിവിടങ്ങളിൽനിന്ന് സംഘം മയക്കുമരുന്നുകൾ വാങ്ങി എറണാകുളത്ത് എത്തിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുള്ളതായും പറയുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.
ഷേണായി എന്ന സക്കറിയയുടെയും അമലിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇരുവരും മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വൈറ്റില ചക്കരപ്പറമ്പിനുസമീപം ആവശ്യക്കാരെ കാത്തുനിന്ന ഇരുവരെയും എക്സൈസ് വളയുകയായിരുന്നു. കടന്നുകളയാൻ ശ്രമിച്ച ഇവരെ എക്സൈസ് കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.