സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsകാസർകോട്: മൊഗ്രാൽ കടവത്തുനിന്നും വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി ശാന്തിപ്പള്ളം ജമീല മന്‍സിലില്‍ സഹീർ റഹ്‌മാന്‍ (34), കണ്ണൂര്‍ പുതിയതെരുവിലെ വി.വി. മുബാറക് (27) എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരി രാഹുൽ മഹാദേവ് ജാവിറിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നതാണ് കേസ്. കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ടൗൺ ഇൻസ്പെക്ടർ പി. അജിത്കുമാര്‍ ബംഗളൂരുവിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. 13 പ്രതികളുള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികളാണ് അറസ്റ്റിലായത്. ഒരു പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളാൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴുപ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഒന്നാം പ്രതി കണ്ണൂർ മാലൂർ മടത്തിക്കുന്ന് തോലമ്പ്രയിൽ സിനിൽ നാരായണനെതിരെ (42) വീണ്ടും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
2021 സെപ്റ്റംബര്‍ 22നാണ് പഴയ സ്വര്‍ണാഭരണ ഇടപാടുകള്‍ നടത്തുന്ന രാഹുല്‍ മഹാദേവ് ജാവിറിനെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് രാഹുലിനെ പയ്യന്നൂരില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. രാഹുൽ മഹാദേവിന്‍റെ 65 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്. എന്നാല്‍, ഒരു കോടി 65 ലക്ഷം തട്ടിയെടുത്തതായി ചോദ്യം ചെയ്യലിൽ രണ്ടു പ്രതികളും വെളിപ്പെടുത്തി. ഇതില്‍ 15 ലക്ഷം രൂപ വീതം തങ്ങള്‍ക്ക് ലഭിച്ചതായും പ്രതികള്‍ സമ്മതിച്ചു. ഈ കേസില്‍ വയനാട് പനമരം കായക്കുന്നിലെ അഖില്‍ടോമി (24), തൃശൂര്‍ കുട്ടനെല്ലൂര്‍ എളംതുരുത്തിയിലെ ബിനോയ് സി. ബേബി (25), വയനാട് പുൽപള്ളിയിലെ അനുഷാജു (28) എന്നിവര്‍ അറസ്റ്റിലായിരുന്നു.
മുബാറക്കിനെതിരെ തൃശൂരിലെ ഒല്ലൂർ സ്റ്റേഷനിലും മലപ്പുറത്ത് നിലമ്പൂർ സ്റ്റേഷനിലും കണ്ണൂർ കതിരൂർ സ്റ്റേഷനിലും കേസുണ്ട്. സഹീർ കാസർകോട് മൊഗ്രാൽ സലാം വധക്കേസിൽ പ്രതിയാണ്.
അറസ്റ്റ് ചെയ്ത സംഘത്തില്‍ സി.ഐക്കുപുറമെ എസ്.ഐ രഞ്ജിത്, എ.എസ്.ഐമാരായ വിജയന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഓസ്റ്റിന്‍ തമ്പി, നിതിന്‍ സാരംഗ്, പൊലീസ് ഡ്രൈവര്‍ അബ്ദുൽ ഷുക്കൂര്‍ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.