പുരോഹിതനും കപ്യാരും ചമഞ്ഞ് 35 ലക്ഷം തട്ടി: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsഅടിമാലി: ക്രൈസ്തവ പുരോഹിതനായി ചമഞ്ഞ് മൂന്നാറിൽ റിയൽ എസ്റ്റേറ്റിന്റെ പേരിൽ ഹോട്ടൽ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച് കടന്ന സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുവാറ്റുപുഴ കടവൂർ പനങ്കര ഭാഗം തിരുനിലത്ത് രാജേഷ് (45), മണക്കാട് അരിക്കുഴ മൂഴിക്കൽ രൻജിത്ത് (39) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രാജേഷിന്റെ കൈയിൽ നിന്നും 94,500 രൂപയും രൻജിത്തിൽ നിന്ന് 2,95,500 രൂപയും കണ്ടെടുത്തു. ഇതോടെ 11,20,000 രൂപയും 8 പവൻ സ്വർണ്ണവും വീണ്ടെടുക്കാനായി. കേസിലെ ഒന്നാം പ്രതി ആനച്ചാൽ മന്നാക്കുടി പാറക്കൽ ഷിഹാബ് (കപ്യാർ 41) തൊടുപുഴ അരിക്കുഴ ലഷ്മി ഭവനിൽ അനിൽ വി. കൈമൾ (പുരോഹിതൻ 38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയും കരമന പ്രേംനഗറിൽ കുന്നപ്പളളിൽ ബോസിന്റെ പരാതിയിലാണ് അറസ്റ്റ്.
തട്ടിപ്പിൽ ഏഴ് ലക്ഷം രൂപയാണ് ഷിഹാബിന് ലഭിച്ചത്. ഷിഹാബാണ് വ്യവസായിയെ കെണിയിൽപെടുത്തി രക്ഷപ്പെടാനുള്ള രൂപരേഖ തയ്യാറാക്കിയത്. മൂന്നാറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭൂമിയും റിസോർട്ടുകളും വലിയ ലാഭത്തിൽ കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സഭയുമായി ബന്ധമുള്ളവരാണെന്നും സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാൽ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചു.
പുരോഹിതനാണെന്ന് പരിചയപ്പെടുത്തി വ്യവസായിയെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് വ്യവസായി സ്വന്തം കാറിൽ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയിൽ എത്തി. ഫോൺ ചെയ്തപ്പോൾ മൂന്നാറിൽ നിന്ന് ആനച്ചാൽ വഴിക്ക് വരാൻ ആവശ്യപ്പട്ടു. ആനച്ചാലിൽ എത്തിയപ്പോൾ വീണ്ടും വിളിച്ചു. ചിത്തിരപുരം സ്ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിൽ തന്‍റെ കപ്യാർ നിൽക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് പ്രകാരം വ്യവസായി വെയ്റ്റിങ് ഷെഡിൽ എത്തി. എന്നാൽ, സ്ഥലത്തെത്തിയയാൾ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് തേയിലക്കാട്ടിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനിലിനെ മൈസൂരിൽ നിന്നാണ് പിടികൂടിയത്.
പുരോഹിതനായി അഭിനയിച്ച അനിൽ വി കൈമളിന്റെ ഡ്രൈവറായി പ്രവർത്തിച്ചത് രാജേഷ് ആണ്. തട്ടിച്ചെടുത്ത തുകയിൽ 2 ലക്ഷം രൂപയാണ് രാജേഷിന് ലഭിച്ചത്. അനിലിന്റെ സുഹൃത്താണ് രൻജിത്ത്. തട്ടിപ്പ് നടത്താൻ അനിലിന് സിം എടുത്ത് നൽകിയതും കർണാടകയിലേക്ക് ഒളിവിൽ പോകാൻ വാഹനത്തിൽ എറണാകുളത്ത് കൊണ്ടുവിട്ടതും രൻജിത്താണ്. അനിലിന് കിട്ടിയ 9 ലക്ഷം രൂപയിൽ 4 ലക്ഷം രൂപ രൻജിത്തിന് നൽകിയിരുന്നു.
ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ്, ഡിവൈ.എസ്.പി ബിനു ശ്രീധർ, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, ടി.ടി. ബിജു, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.