'അയ്യപ്പനും കോശിയും' സ്റ്റൈലിൽ കട തകർത്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
text_fieldsചെറുപുഴ: 'അയ്യപ്പനും കോശിയും' സിനിമ സ്റ്റൈലിൽ പുളിങ്ങോം ഊമലയില്‍ എക്സ്കവേറ്റർ ഉപയോഗിച്ചു പലചരക്കുകട ഇടിച്ചുനിരത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ പ്ലാക്കുഴിയില്‍ ആല്ബിെൻറ കൂട്ടാളികളും ഊമല സ്വദേശികളുമായ പനച്ചിക്കുഴിയില്‍ കുരുവിള (19), തൈക്കൂട്ടത്തില്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
സംഭവം നടന്നതിെൻറ തൊട്ടടുത്ത ദിവസം കട തകര്ക്കുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായ കെട്ടിടമാണ് താൻ പൊളിക്കുന്നതെന്നാണ് കണ്ണൂർ ചെറുപുഴ കൂമ്പൻകുന്നിലെ പ്ലാക്കുഴിയിൽ ആൽബിൻ (31) വിഡിയോയിലൂടെ വ്യക്തമാക്കുന്നത്. ഈ ദൃശ്യങ്ങളില്‍നിന്നാണ് സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
നാടിന് ബാധ്യതയായ കെട്ടിടം ഞാൻ ഇടിച്ചുനിരത്തുന്നു എന്ന് പറഞ്ഞ ശേഷമാണ് കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഇതിന് സമാന രംഗമുണ്ട്. 'കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്. മദ്യപാനവും ലഹരി ഉപയോഗവും ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു' എന്നാണ് ആൽബിൻ പറയുന്നത്.
ഇയാളുടെ അയൽവാസികൂടിയായ പുളിയാർമറ്റത്തിൽ സോജിയുടെതാണ് പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടം. കട തുറന്ന സോജി രാവിലെ 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം. തനിക്കു വരുന്ന വിവാഹാലോചനകൾ മുടക്കിയ വൈരാഗ്യമാണു കട തകർക്കാൻ കാരണമെന്നു ആൽബിൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ചെറുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർന്ന്14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ, ആൽബിെൻറ ആരോപണം വാസ്തവ വിരുദ്ധമാണെന്നു സോജി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.