ഇന്ന് രോഗം സ്ഥിരീകരിച്ചത് കോട്ടക്കൽ, എടപ്പാൾ സ്വദേശികൾക്ക്
text_fieldsമലപ്പുറം: ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറം സ്വദേശികൾ. കഴിഞ്ഞദിവസങ്ങളിലാണ് ഇവർ പ്രത്യേക വിമാനത്തിൽ ഗള്‍ഫില്‍നിന്ന് എത്തിയത്. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.
മെയ് ഏഴിന് ദുബൈയിൽനിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തിലെ യാത്രക്കാരനാണ് കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ദുബൈ അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലിചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. മെയ് ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി പരിശോധന പൂര്‍ത്തിയാക്കി പുലര്‍ച്ചെ 1.30ന് പ്രത്യേകം സജ്ജമാക്കിയ 108 ആംബുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.
മെയ് ഏഴിന് അബൂദബിയില്‍നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് എടപ്പാള്‍ നടുവട്ടം സ്വദേശി എത്തിയത്. അബൂദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. ഒരാഴ്ച മുമ്പ് പനിയുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് രാത്രി 11ഓടെ ആരോഗ്യ വകുപ്പിെൻറ 108 ആംബുലന്‍സില്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. മെയ് എട്ടിന് രാവിലെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഈ രണ്ട് പേരും മലപ്പുറം സ്വദേശികളെങ്കിലും മറ്റ് ജില്ലകളില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ മലപ്പുറത്തെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ല. വിമാനത്തില്‍ ഇവരോടൊപ്പം എത്തിയവര്‍ ആരോഗ്യ വകുപ്പിെൻറ നിര്‍ദേശപ്രകാരം വീടുകളിലും കോവിഡ് കെയര്‍ സെൻററുകളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുമായി ആരോഗ്യ വകുപ്പ് നേരിട്ട് ദിവസേന ബന്ധപ്പെടുന്നുണ്ട്. വീടുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രേള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ - 0483 2737858, 2737857, 2733251, 2733252, 2733253.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.