ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു
text_fieldsതിരുവനന്തപുരം: ഒക്ടോബർ, നവംബർ മാസങ്ങളിലെ ക്ഷേമ പെൻഷൻ വിഷുവിന് മുമ്പ് വിതരണം ചെയ്യും. നിലവിൽ സെപ്റ്റംബറിലേത് വിതരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക മാർച്ചിലേതടക്കം നാല് മാസമായി കുറയും.
1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. ഫലത്തിൽ വിഷു, ഈസ്‌റ്റർ, റമദാൻ കാലത്ത് 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതത് മാസം പെൻഷൻ വിതരണത്തിന് നടപടി ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ക്ഷേമ പെൻഷൻ കുടിശ്ശിക കുമിയുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് മുന്നണിയിൽ തന്നെ അഭിപ്രായമുയർന്നിരുന്നു. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി വേണം.
കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിൽ കടമെടുപ്പിന് അനുമതി നൽകിയ 13,609 കോടിയിൽനിന്നുള്ള തുക എടുത്താണ് സെപ്റ്റംബറിലെ പെൻഷൻ വിതരണം ചെയ്യുന്നത്. പുതിയ സാമ്പത്തിക വർഷമായതിനാൽ ഏപ്രിൽ ഒന്ന് മുതൽ പുതിയ കടമെടുപ്പിന് തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.