മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടർ കൂടി തുറന്നു; ഒഴുക്കിവിടുന്നത് 2099.95 ഘനയടി വെള്ളം
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടർ കൂടി ഉയർത്തി. വൈകിട്ട് 5.00 മുതൽ V1, V5 സ്പിൽവേ ഷട്ടറുകളാണ് 30 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. രണ്ട് ഷട്ടറുകൾ വഴി 2099.95 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുള്ളത്. നിലവിൽ മൂന്ന് ഷട്ടറുകൾ (V2, V3, V4) ഉയർത്തിയിട്ടുണ്ട്.
വൈകിട്ട് ആറു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 2100 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ടണൽ വഴി സെക്കൻഡിൽ 1867 ഘനയടി ജലമാണ് വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടു പോകുന്നത്. സെക്കൻഡിൽ 3633.50 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിന്റെ എതിർപ്പ് തള്ളിയ തമിഴ്നാട് തിങ്കളാഴ്ച രാത്രി വൻതോതിൽ ജലം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുറന്നുവിട്ടിരുന്നു. സെക്കൻഡിൽ 12,654 ഘന അടി ജലമാണ് രാത്രി ഒമ്പതോടെ തുറന്നുവിട്ടത്. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.