തൃശൂരിൽ രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകം; യുവാക്കളെ കുത്തിക്കൊന്നു
text_fieldsതൃശൂർ: നഗരത്തിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കണിമംഗലത്ത് നടന്ന കൊലപാതകത്തിൽ ഗുണ്ടാ നേതാവ് കരുണാമയനും മൂർക്കനിക്കരയിൽ നടന്ന സംഭവത്തിൽ അഖിലുമാണ് കൊല്ലപ്പെട്ടത്. രണ്ട് മണിക്കൂറിനുള്ളിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്.
തൃശൂർ കണിമംഗലത്താണ് ആദ്യ കൊലപാതകം നടന്നത്. കണിമംഗലത്തെ റെയിൽവേ പാളത്തിന് സമീപമാണ് പൂത്തോൾ സ്വദേശിയായ കരുണാമയനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട കരുണാമയൻ നിരവധി കേസിൽ പ്രതിയാണ്. അമൽ, വിഷ്ണു, ബിനോയ് എന്നിവരാണ് കരുണാമയനെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പരിക്കേറ്റെന്നാണ് പറഞ്ഞത്. മൂന്നു പേരെയും നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വൈകിട്ട് ആറരയോടെയാണ് രണ്ടാമത്തെ കൊലപാതകം. മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉൽസവത്തിനിടെ യുവാവിനെ ഗുണ്ടാ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുളയം സ്വദേശിയായ അഖിൽ (28) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഖിലിന്‍റെ സുഹൃത്ത് ജിതിന് പരിക്കേറ്റു.
കുമ്മാട്ടി ഉത്സവത്തിനിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളുടെ നാട്ടിൽവന്ന് അഖിൽ ഡാൻസ് കളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കൊലപാതകത്തെ തുടർന്ന് കുമ്മാട്ടി ഉത്സവം നിർത്തിവെച്ചു.
മൂർക്കനികര സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ബ്രഹ്മജിത്, വിശ്വജിത് എന്നിവരാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.