ജലസേചനവകുപ്പിൽ ഒരേവിഷയത്തിൽ രണ്ട് ഉത്തരവ്: കേസുകളിൽ തിരിച്ചടിയാകുമെന്ന് ആശങ്ക
text_fieldsആലപ്പുഴ: ജലസേചനവകുപ്പിൽ ഒരേവിഷയത്തിൽ ഇറക്കിയ രണ്ട് ഉത്തരവുകൾ കേസുകളിൽ സർക്കാറിന് തിരിച്ചടിയാകുമെന്ന് ആശങ്ക. ഇറിഗേഷൻവകുപ്പിലെ പ്രധാനകേസുകളുടെ നടത്തിപ്പിന് ചുമതലനൽകി സർക്കാർ ഇറക്കിയ ഉത്തരവ് വകുപ്പിന്റെ ഭാഗമായ പ്രോജക്ട് രണ്ടിൽ നടപ്പാക്കേണ്ടതില്ലെന്ന് കാണിച്ച് ചീഫ് എൻജിനീയറുടെ അധികചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ഇറക്കിയ സർക്കുലറാണ് വിവാദത്തിന് വഴിതുറന്നത്.
ലോകബാങ്ക് പദ്ധതിയുടെ കരാറുകളിൽ നിയമപരമായ പ്രശ്നങ്ങളും തർക്കങ്ങളും ഒഴിവാക്കി പദ്ധതിരേഖ തയാറാക്കാനും കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാനും വിദഗ്ധനെ നിയമിക്കാൻ 2023 ജൂലൈ 29ന് GO(rt)no678/2023/WRD സർക്കാർ ഉത്തരവിറങ്ങിയിരുന്നു. അത് പ്രോജക്ട് രണ്ടിൽ നടപ്പാക്കേണ്ടതില്ലെന്നാണ് ചീഫ്എൻജിനീയറുടെ അധികചുമതല വഹിക്കുന്ന ബാജി ചന്ദ്രന്റെ പുതിയ ഉത്തരവ്. ഈവിഷയത്തിൽ വീഴ്ചവരുത്തിയാൽ എക്സിക്യൂട്ടിവ് എൻജിനീയർ മുതൽ താഴെയുള്ള ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികളെന്നും പറയുന്നുണ്ട്.
പ്രത്യേക സാഹചര്യങ്ങളൊന്നും ഇല്ലാതെ സർക്കാർ ഉത്തരവ് മറികടന്ന് പുതിയ സർക്കുലർ ഇറക്കിയതിന് പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥൻ തൽസ്ഥാനത്ത് വരുന്നത് തടയാനാണെന്ന പരാതിയുണ്ട്. നിലവിൽ ഏത് പാലിക്കണമെന്നറിയാതെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. ഇത് ഡാമുകളും പദ്ധതികളുമായി ബന്ധപ്പെട്ട കേസുകളിലും സർക്കാർ പരാജയപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്.
നേരത്തേ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിൽപനനികുതി ഈടാക്കുന്ന വിഷയത്തിൽ ഇറക്കിയ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചിരുന്നു. ജീവനക്കാർ കക്ഷികളായ കേസുകളുണ്ടെങ്കിൽ അത് അവസാനിക്കുന്നത് വരെ വിരമിക്കുന്നവർക്ക് ബാധ്യതരഹിത സർട്ടിഫിക്കറ്റ് നൽകരുതെന്ന് പറഞ്ഞ് അടുത്തിടെ ഇറക്കിയ ഉത്തരവും ജീവനക്കാരുടെ ഇടയിൽ വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയത്തിൽ സർവിസ് സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
സൂപ്രണ്ടിങ് എൻജിനീയർമാരുടെ സീനിയോറിറ്റി ലിസ്റ്റ് മറികടന്നാണ് ചീഫ് എൻജിനീയർക്ക് അധികചുമതല നൽകിയതെന്നാണ് ആക്ഷേപം. ഇതിൽ മറ്റ് ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ട്. ഇടതുമുന്നണിയിലെ ഘടകകക്ഷിയുടെ രാഷ്ട്രീയതാൽപര്യമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. 1992ലെ സർക്കാർ ഉത്തരവ് അനുസരിച്ച് ഒഴിവുണ്ടെങ്കിൽ പൂർണചുമതലയുള്ള ചീഫ് എൻജിനീയറെ നിയമിക്കണമെന്നാണ് വ്യവസ്ഥ. അത് പാലിക്കാതെ യോഗ്യരായ പലരും പുറത്തുനിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥന് അധികചുമതല നൽകിയതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.