‘വാ അമ്മാവാ, കുറച്ച് കുടിച്ചിട്ട് പോകാം..’ ട്രെയിനിൽ മദ്യസൽക്കാരം; രണ്ടുപേർ പിടിയിൽ
text_fieldsട്രെയിനിൽ മദ്യപിച്ച് ബഹളം വെക്കുകയും മദ്യസൽക്കാരം നടത്തുകയും ചെയ്തവരെ പിടികൂടാൻ പൊലീസ് എത്തിയപ്പോൾ
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ പരസ്യ മദ്യസേവയും മദ്യസൽക്കാരവും നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. 16345 നമ്പർ ലോക്മാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിൽ പനവേൽ ഭാഗത്ത് നിന്ന് കയറിയവരാണ് പ്രശ്നമുണ്ടാക്കിയത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഇവരെ റെയിൽവെ പൊലീസ് പിടികൂടി പിഴയീടാക്കി.
ഏറ്റവും പിറകിലെ ജനറൽ കമ്പാർട്ടുമെന്റിൽ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു അഞ്ചംഗ സംഘത്തിന്റെ മദ്യസൽക്കാരം. പരസ്പരം മദ്യം പകർന്നും കുടിച്ചും ബഹളം വെച്ച സംഘം, ശുചിമുറിയിൽ മൂത്രമൊഴിക്കാനും മറ്റും വന്നവരെ വിളിച്ച് സൽക്കരിച്ച് മദ്യം നൽകിയതായി യാത്രക്കാർ പറഞ്ഞു. ‘വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞ് ആളുകളെ ക്ഷണിച്ച് കുടിപ്പിക്കുകയായിരുന്നു.
കൂടാതെ, സ്ത്രീകളും കുട്ടികളുമടക്കം ആളുകൾ തിങ്ങിനിറഞ്ഞ കമ്പാർട്ട്മെന്റിൽവെച്ച് പരസ്യമായി പുകവലിക്കുകയും ചെയ്തു. വടകരയിൽനിന്ന് കയറിയ യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും റെയിൽവെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ട്രെയിൻ കോഴിക്കോട് എത്തുമ്പോേഴക്കും പൊലീസ് സംഘം സ്ഥലത്തെത്തുകയും മദ്യപസംഘത്തിലെ രണ്ടുപേരെ പിടികൂടുകയും ചെയ്തു. പൊലീസിനെ കണ്ട് മറ്റുള്ളവർ ആൾക്കൂട്ടത്തിൽ മുങ്ങി. തൃശൂർ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.