നെടുവന്നൂരിൽ വയോധികനടക്കം രണ്ടു പേർക്ക് നായുടെ കടിയേറ്റു
text_fieldsചെങ്ങമനാട്: നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് നെടുവന്നൂരിൽ വയോധികനുൾപ്പെടെ രണ്ട് പേരെ തെരുവുനായ്ക്കൾ കടിച്ചുകീറി. റോഡിലൂടെ നടന്ന് ലോട്ടറി വിൽപ്പനക്ക് പോവുകയായിരുന്ന വയോധികനെയും, വീടിന് മുന്നിൽ കാർ കഴുകുകയായിരുന്ന ടാക്സി ഡ്രൈവറെയുമാണ് നായ് കടിച്ചത്. ആഴത്തിൽ മുറിവേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രാഥമിക കുത്തിവെപ്പിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.
സമീപത്തെ ഏതാനും വളർത്തുമൃഗങ്ങൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നെടുവന്നൂർ സ്വദേശികളായ കരുവേലിപറമ്പിൽ ജോർജ് (66), മടപ്പാട്ട് വീട്ടിൽ എം.എച്ച്. ഹനീഫ എന്നിവർക്കാണ് കടിയേറ്റത്. 200 മീറ്ററോളം ദൂരത്തിലാണ് ഇരുവരുടെയും വീടുകൾ. പതിവ് പോലെ ചൊവ്വാഴ്ച പുലർച്ചെ ലോട്ടറി വിൽപ്പനക്കിറങ്ങിയ ജോർജിനെ 6.40ഓടെ നെടുവന്നൂർ ചെറിയ നമസ്ക്കാര പള്ളിക്ക് സമീപത്തുവെച്ചാണ് നായ് കടിച്ചത്.
എതിരെ നിന്ന് രണ്ട് നായ്ക്കൾ വന്നപ്പോൾ പ്രശ്നമില്ലെന്ന് കരുതി ജോർജ് മുന്നോട്ട് നടന്നു. എന്നാൽ പിന്നിലൂടെ വന്ന് നായ് വലതുകാലിൽ തുരുതുരെ കടിക്കുകയായിരുന്നു. ചോരവാർന്നൊഴുകി അവശനായി റോഡിൽ വീണ ജോർജിനെ നാട്ടുകാർ ഓട്ടോയിൽ കയറ്റി ചൊവ്വരയിലുള്ള മകളുടെ വീട്ടിലെത്തിച്ചു. മരുമകൻ ജോസിനൊപ്പം ചൊവ്വര ആശുപത്രിയിലെത്തിച്ച് പ്രാഥമിക കുത്തിവെപ്പെടുത്തു. ശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.
ഉച്ചയോടെ വീട്ടിലെത്തിയെങ്കിലും ജോർജിന്‍റെ കാലിൽ നിന്ന് പിന്നീടും രക്തം വാർന്നൊഴുകി. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ജോർജ് ഉറക്കമൊഴിയുന്നത് ആരോഗ്യത്തെ ബാധിച്ചതോടെയാണ് ഒരുവർഷമായി കാൽനടയായി ലോട്ടറി വിൽപ്പന ആരംഭിച്ചത്. ദിവസവും 10 കിലോമീറ്ററോളം നടന്നാണ് വിൽപ്പന.
12 വയസായ മകനോടൊപ്പം കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെ രാവിലെ 7.50ഓടെയാണ് ജോർജിനെ കടിച്ച അതേ നായ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ഹനീഫയേയും കടിച്ചത്. അപ്രതീക്ഷിതമായെത്തിയ നായ കാലിൽ കടിച്ച് മുട്ടിന് മുകളിൽ മൂന്നിടങ്ങളിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടു. ഹനീഫയെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.
നെടുവന്നൂർ കാഞ്ഞൂക്കാരൻ തോമസിന്‍റെ ആടിനും നായുടെ കടിയേറ്റിട്ടുണ്ട്. ചെങ്ങമനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇതിനകം നിരവധി പേർക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. പരിഹാര മാർഗങ്ങളില്ലാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്. വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.