പുഴയിൽ നിന്ന് കൈപിടിച്ചു കയറ്റിയത് രണ്ട് ജീവനുകളെ; മുബാറക്കിന്‍റെ ആത്മധൈര്യത്തിൽ വഴിമാറിയത് ദുരന്തം
text_fieldsആനക്കര (പാലക്കാട്): പെരുന്നാൾ ദിനത്തിന്‍റെ സന്തോഷം ദുഃഖത്തിലേക്ക് വഴുതിമാറാതെ വഴിമാറിപ്പോയതിന്‍റെ സംതൃപ്തിയിലാണ് കൂടല്ലൂർ കൂട്ടക്കടവ് സ്വദേശി പുളിക്കൽ മുബാറക്കും ആനക്കര ഗ്രാമവും. പുഴയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട രണ്ട് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തി നാടിന്‍റെ അഭിമാനമായിരിക്കുകയാണ് മുബാറക്.
പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച നിളയെ ആസ്വദിക്കാനെത്തിയ കൂടല്ലൂർ ജാറം പ്രദേശത്തെ ഉമ്മയും ഏഴ് വയസ്സുകാരൻ മകനുമാണ് കാൽ വഴുതി പുഴയിൽ വീണത്. നിർമാണം പുരോഗമിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററിന്‍റെ താഴ്ഭാഗത്ത് പുഴയിലിറങ്ങി കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ഉമ്മയും പുഴയിലേക്ക് ചാടിയെങ്കിലും നീന്തൽ വശമില്ലാത്ത രണ്ട് പേരും ഒഴുക്കിൽപെടുകയായിരുന്നു.
ഈ സമയത്താണ്, കുടുംബസമേതം പുഴ കാണാനെത്തിയ മുബാറക്ക് സംഭവം കണ്ടത്. കുട്ടിയെ പിടിക്കാനിറങ്ങിയ ഉമ്മക്ക് നീന്തൽ അറിയുമെന്നാണ് മുബാറക് ആദ്യം കരുതിയത്. എന്നാൽ നീന്തൽ അറിയാതെ രണ്ട് പേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടതോടെ പുഴയിലേക്ക് എടുത്ത് ചാടി. ആദ്യം കുട്ടിയെയും പിന്നെ മാതാവിനേയും രക്ഷപ്പെടുത്തുകയായിരുന്നു.
കൂട്ടക്കടവ് തടയണക്ക് താഴെ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്നുണ്ടായ ചാലിലാണ് ഇരുവരും പെട്ടത്. പെരുന്നാൾ ദിനം ഒരു ദുരന്തദിനം ആകാതിരിക്കാൻ അവസരോചിതമായി ഇടപെട്ട മുബാറക്കിന്‍റെ ആത്മധൈര്യത്തെ ഒരു നാട് മുഴുവൻ അഭിനന്ദിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.