‘പ്രിയ വർഗീസ് റാങ്ക് പട്ടിക’യിലെ രണ്ടുപേർക്ക് ഉന്നത പദവി
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല മലയാള പഠനവകുപ്പിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച ഡോ. പ്രിയ വർഗീസ് ഉൾപ്പെട്ട റാങ്ക്പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർക്ക് വൻ പദവികൾ. പട്ടികയിലെ നാലാം റാങ്കുകാരനായ ഗവ. കോളജ് അധ്യാപകൻ ഡോ. പി.പി. പ്രകാശനെ പി.എസ്.സി അംഗമായി കഴിഞ്ഞവർഷം നിയമിച്ചിരുന്നു. മൂന്നാം റാങ്കുകാരൻ സി. ഗണേഷിനെ മലയാളം സർവകലാശാല പരീക്ഷ കൺട്രോളറായും നിയമിച്ചു. പ്രിയ വർഗീസിനെതിരെ കേസിനുപോയ രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്കറിയ ഒഴികെയുള്ള എല്ലാവരെയും ‘കാണേണ്ടപോലെ കണ്ടിരിക്കുക’യാണ് സർക്കാർ എന്നാണ് ആക്ഷേപം. കേസിൽ കക്ഷി ചേരാതിരുന്നതിനുള്ള പ്രത്യുപകാരമാണ് പദവികൾ നൽകിയതിനു പിന്നിലെന്നും ആരോപണമുണ്ട്.
കേസിനുപോയ ജോസഫ് സ്കറിയക്ക് കാലിക്കറ്റ് സർവകലാശാല മലയാള പഠനവകുപ്പിലെ പ്രഫസർ റാങ്ക്‍ ലിസ്റ്റിൽ ഒന്നാം റാങ്കുണ്ടായിട്ടും നിയമനം ലഭിച്ചിട്ടില്ല. സിൻഡിക്കേറ്റ് നടപടിക്കെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. പ്രിയ വർഗീസ് നിയമനത്തിനെതിരായ ഇദ്ദേഹത്തിന്റെ നിയമയുദ്ധം സുപ്രീംകോടതിയിലുമെത്തി. ഈ സാഹചര്യത്തിലാണ് മാർക്കിൽ ഇദ്ദേഹത്തിന് പിന്നിലുള്ള റാങ്കുകാരെ സർക്കാർ നെഞ്ചോടുചേർത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. റിസർച് സ്കോറിൽ ഏറെ പിന്നിലായിരുന്ന (156) പ്രിയ വർഗീസിന് ഇന്റർവ്യൂവിൽ 32 മാർക്ക് നൽകിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. 651 സ്കോറുള്ള ജോസഫ് സ്കറിയക്ക് ഇന്റർവ്യൂവിൽ 30 മാർക്ക് നൽകിയാണ് രണ്ടാം റാങ്കിലേക്ക് പിന്തള്ളിയത്. ഇന്റർവ്യൂവിൽ 28 മാർക്കുള്ള സി. ഗണേഷിന് മൂന്നും 26 മാർക്കുള്ള പി.പി. പ്രകാശന് നാലും റാങ്കുമാണുള്ളത്. ഇടത് അധ്യാപക സംഘടനകളിൽപെട്ട ഇരുവർക്കുമാണ് പദവി ലഭിച്ചിരിക്കുന്നത്.
പ്രിയ വർഗീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം തുടർച്ചയായി ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത് വിചിത്രമാണെന്ന് കെ.പി.സി.ടി.എ കണ്ണൂർ പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് പറഞ്ഞു. തഴയപ്പെട്ട ഇടതുപക്ഷ സംഘടന നേതാക്കൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകുകയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായതായി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.