ഇൻസ്റ്റ താരമടക്കം രണ്ടുപേർ ബൈക്കുമായി പിടിയിൽ; ലൈസൻസ് റദ്ദാക്കും, രൂപമാറ്റം വരുത്തിയതിനടക്കം പിഴ
text_fieldsതിരുവല്ല: ബൈക്ക് ഹണ്ടിങ് നടത്തുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആയിരക്കണക്കിന് ഫോളോവേഴ്സിനെ സൃഷ്ടിച്ച ഇൻസ്റ്റാഗ്രാം താരമടക്കം രണ്ടുപേർ തിരുവല്ലയിൽ ബൈക്കുകളുമായി മോട്ടോർ വാഹന വകുപ്പിന്‍റെ പിടിയിലായി. ഇൻസ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുൺ, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരുടെ ബൈക്കുകളാണ് തിങ്കളാഴ്ച ഉച്ചയോടെ തിരുവല്ല നഗര പരിധിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
അരുണിന്‍റെ ബൈക്കിന്‍റെ മുൻവശത്തെയും പിൻവശത്തെയും നമ്പർ പ്ലേറ്റുകൾ മാസ്ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. രണ്ട് ബൈക്കുകളും സൈലൻസറിൽ രൂപമാറ്റം വരുത്തിയവയും ആയിരുന്നു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും പരിശോധനകളിൽനിന്നും പലവട്ടം അരുൺ രക്ഷപ്പെട്ടിരുന്നു. നമ്പർ പ്ലേറ്റും മുഖവും ലഭ്യമാകാത്തതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് ‘ഓപ്പറേഷൻ റേസി’ന്‍റെ ഭാഗമായി ഇപ്പോൾ പിടികൂടിയത്.
ഇരു വാഹനങ്ങൾക്കുമായി മോട്ടോർ വാഹന വകുപ്പ് 26000 രൂപ പിഴ ചുമത്തി. അരുണിന്‍റെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടിക്ക് മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ എൻ സി അജിത് കുമാറിന്‍റെ നിർദ്ദേശാനുസരണം എം.വി.ഐ അനീഷ്, ശ്രീശൻ, റോഷൻ സമുവേൽ, അജിത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എ.എം.വി ഐമാരായ എം. ഷമീർ, സ്വാതി ദേവ്, മനു വിശ്വനാഥ്, ഡ്രൈവർ ആർ രമേശ് എന്നിവരടങ്ങിയ സംഘമാണ് ബൈക്കുകൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.