മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്ത രണ്ടുപേർ പിടിയിൽ
text_fieldsചെങ്ങമനാട്: പറമ്പയം ജുമാമസ്ജിദിന് സമീപത്തെ വീടുകളിൽ മതവിദ്വേഷമുണ്ടാക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്ത സംഭവത്തിൽ രണ്ടുപേരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി പി.ടി. ജോർജ്, കോട്ടയം സ്വദേശി സ്റ്റീഫൻ ചാക്കോ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെ കാറിലെത്തിയ ഇരുവരും കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ വിൽപനയുടെ മറവിലാണ് ലഘുലേഖകൾ വിതരണം ചെയ്തത്.
ഖുർആനിനെയും പ്രവാചകൻ മുഹമ്മദിനെയും അവഹേളിക്കുന്ന തരത്തിലുള്ള ലഘുലേഖകൾ വായിക്കാനിടയായ നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് ചെങ്ങമനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. കാറിന്‍റെ ഡിക്കിയിൽ നൂറുകണക്കിന് ലഘുലേഖകളും, ചെറിയ പുസ്തകങ്ങളുമുണ്ടായിരുന്നു. അപ്സര ഓഫ്സെറ്റ് തൃശൂർ എന്ന സ്ഥാപനത്തിൽ പ്രസിദ്ധീകരിച്ചതായി രേഖപ്പെടുത്തുന്ന ലഘുലേഖകൾ ‘മുക്തിവാദി പ്രസ്ഥാനം’ എന്ന പേരിലാണ് ഇറക്കിയത്.
കാറിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളുമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇൻഷുറൻസില്ലാത്ത കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്തി. ഇരുവരെയും സ്റ്റേഷനിലെത്തിച്ചശേഷം പറമ്പയം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്.
ഇവർ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ഹൃദയ സംബന്ധമായ രോഗങ്ങൾക്കടക്കം ഇരയായവരാണെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ പിന്നിൽ ആരാണെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.