എയർ കൂളറിനകത്ത് കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.ചെറുകര പുളിങ്കാവ് സ്വദേശി കാഞ്ഞിരക്കടവത്ത് അബ്ദുൽ മുജീബ് (39), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിന്‍മാര്‍ഗം കഞ്ചാവ് എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചെറുകര റെയില്‍വേ സ്റ്റേഷന് സമീപം എയര്‍ കൂളറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
മാസത്തില്‍ രണ്ടും മൂന്നും തവണ ഈ രീതിയില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചതായി പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അബ്ദുൽ മുജീബിന്‍റെ പേരില്‍ കൊളത്തൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളും മോഷണക്കേസുകളുമുണ്ട്. കഴിഞ്ഞ മേയിൽ നാല് കിലോഗ്രാം കഞ്ചാവുമായി മുജീബിനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിനീത് വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ഹൈവേകളിൽ കവർച്ച, കഞ്ചാവ് കടത്ത്, വധശ്രമം തുടങ്ങി 12ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിന്‍റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമാണ്. രണ്ടുപേരും ഈ അടുത്താണ് ജാമ്യത്തിലിറങ്ങിയത്.
പെരിന്തൽമണ്ണ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സി. അലവി, എസ്.ഐ യാസിര്‍ ആലിക്കൽ, ജൂനിയര്‍ എസ്.ഐ തുളസി, എ.എസ്.ഐ ബൈജു, സിവില്‍ പൊലീസ് ഓഫിസര്‍ സല്‍മാന്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.