അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല; പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsതൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാതെ വണ്ടിവിട്ടുപോയ പൊലീസുകാർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം സ്റ്റേഷനിലെ സി.പി.ഒമാരായ ആസാദ്, അജീഷ് എന്നിവരെയാണ് ഇടുക്കി എസ്.പി സസ്പെൻഡ് ചെയ്തത്. പൊലീസുകാരുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച കട്ടപ്പന പള്ളിക്കവലയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെയാണ് പൊലീസുകാർ ഗൗനിക്കാതെ കടന്നുപോയത്. പരിക്കേറ്റ് റോഡിൽ കിടന്ന ജൂബിൻ ബിജു, അഖിൽ ആന്‍റണി എന്നിവരെ ആശുപത്രിയിലെത്തിക്കാനായി നാട്ടുകാർ പൊലീസ് വാഹനം കൈകാട്ടി നിർത്തിച്ചു. പരിക്കേറ്റവരെയും കൊണ്ട് ജീപ്പിനടുത്തെത്തിയെങ്കിലും ജീപ്പിൽ കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല. ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ ശേഷം പൊലീസുകാർ ജീപ്പുമായി പോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് പ്രതിയെയും കൊണ്ട് പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിവരികയായിരുന്നു പൊലീസുകാർ. പരിക്കേറ്റവരെ പിന്നീട് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കട്ടപ്പന ഡിവൈ.എസ്.പിക്ക് എസ്.പി നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.