കായികമേളയിലെ പ്രതിഷേധം: നാവാമുകുന്ദ, മാർബേസിൽ സ്കൂളുകൾക്ക് വിലക്ക്
text_fieldsതിരുവനന്തപുരം: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന ചടങ്ങിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കി. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്കും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിനെ കായിക മേളയിൽ റണ്ണറപ്പാക്കിയതിനെതിരെയായിരുന്നു കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി. സ്കൂള്‍ കായികമേള സംഘര്‍ത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്കും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കായികമേളയിൽ പലതവണ ചാമ്പ്യന്മാരായ ടീമാണ് കോതമംഗലം മാര്‍ബേസിൽ സ്കൂള്‍.
കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ എല്ലാ വേദികളിലും 9.30ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ഇ-അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങളുണ്ടാകും. ഫസ്റ്റ് കാളും സെക്കന്‍ഡ് കാളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.