കോയെൻകോ ഗ്രൂപ്പിന്‍റെ ഓഹരികൾ രണ്ട് മക്കൾ തട്ടിയെടുത്തെന്ന് പിതാവ് പി.പി. മൊയ്തീൻ കോയ
text_fieldsകോഴിക്കോട്: പ്രമുഖ വ്യവസായ ശൃംഖലയായ കോയെൻകോ ഗ്രൂപ്പിന്‍റെ 70 ശതമാനം ഓഹരികളും മക്കൾ തട്ടിയെടുത്തെന്ന പരാതിയുമായി ഉടമയും മാനേജിങ് ഡയറക്ടറുമായ പി.പി. മൊയ്തീൻ കോയ. ഇക്കാര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ കോയ സിറ്റി പൊലീസ് കമീഷണർക്കും എലത്തൂർ പൊലീസിലും പരാതി നൽകി.
പാർക്കിൻസൺസ് രോഗം വന്ന് കിടപ്പിലായ സമയത്താണ് ഓഹരികൾ മക്കൾ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ തന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഒപ്പിട്ടും വ്യാജ രേഖകൾ സൃഷ്ടിച്ചും ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചും തട്ടിയെടുത്തെന്നും പരാതിയിൽ വിവരിക്കുന്നു.
ഓഹരി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി റജിസ്ട്രാർക്കും മൊയ്തീൻ കോയ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മൊയ്തീൻ കോയയുടെ ഇളയ രണ്ട് മക്കൾ, കമ്പനി സെക്രട്ടറി, സഹായി എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, പിതാവ് നേരിട്ട് ആവശ്യപ്പെട്ടാൽ ഓഹരികൾ തിരികെ നൽകാമെന്ന് രണ്ടാമത്തെ മകൻ നൗഷീഖ് മാധ്യമങ്ങളോട് പറഞ്ഞു. മൂത്ത മകന്‍റെ താൽപര്യങ്ങളാണ് കേസിനും പരാതിക്കും പിന്നിലുള്ളത്. പിതാവ് ഒപ്പിട്ട് തന്നെയാണ് ഓഹരികൾ രണ്ട് പേരുടെ പേരിലേക്ക് മാറ്റിയതെന്നും നൗഷീഖ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.