കണ്ണൂരിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsപാനൂർ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരാൾ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് പിറകുവശത്തെ ചേലക്കാട് പുഴയിലാണ് അപകടം.
കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ (20), ജാതിക്കൂട്ടം തട്ടാന്റവിട മൂസയുടെ മകൻ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടെ മുഹമ്മദ് ഷഫാദിനെ കണ്ടെത്തി. ഉടൻ പാനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനാന് വേണ്ടി രാത്രിയും തിരച്ചിൽ തുടരുകയാണ്.
പ്രദേശത്ത് ശക്തമായ മഴയും ഇരുട്ടുമാണ്. പരിസര പ്രദേശത്തെ അഞ്ച് കുട്ടികൾ ഇവിടെ കുളിക്കാൻ വന്നതായിരുന്നു. മുഹമ്മദ് ഷഫാദ് മുങ്ങുന്നത് കണ്ട് കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു സിനാൻ. രണ്ടുപേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ചവെച്ചു. പരിസരവാസികളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് നാട്ടുകാരും പൊലീസും അഗ്നിരക്ഷസേനയും ഏറെനേരം പരിശ്രമിച്ചാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച മുഹമ്മദ് ഷഫാദ് കല്ലിക്കണ്ടി എൻ.എ.എം കോളജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ജാതിക്കൂട്ടത്തെ മൂസ-സമീറ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.