ജനവിധിക്ക് ഇനി രണ്ടാഴ്ച; വിവാദങ്ങൾക്ക് നടുവിൽ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്
text_fieldsതിരുവനന്തപുരം: പടർന്നുകത്തിയ കത്തുവിവാദങ്ങൾക്കും ഡീൽ ആരോപണങ്ങൾക്കും നടുവിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നാടകീയ നീക്കങ്ങളെ തുടർന്ന് പാലക്കാടായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തോടെ തെരഞ്ഞെടുപ്പ് കാറ്റ് വയനാട്ടിലേക്ക് വഴിമാറിയെന്നതാണ് പ്രധാന സവിശേഷത. ഇതിനിടെ എ.ഡി.എമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം പി.പി. ദിവ്യയുടെ അറസ്റ്റ് സൃഷ്ടിച്ച സവിശേഷ രാഷ്ട്രീയ സാഹചര്യം പ്രചാരണത്തെ സ്വാധീനിക്കുകയാണ്.
എ.ഡി.എമ്മിന്റെ ആത്മഹത്യയും പാർട്ടിക്കുള്ളിലെ കോഴവിവാദവും പൂരം വിവാദവുമടക്കം സി.പി.എമ്മിനെ സമ്മർദത്തിലാക്കുന്ന ഘടകങ്ങളിൽനിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറി, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അസ്വാസരസ്യങ്ങൾ ആയുധമാക്കാൻ സി.പി.എം ശ്രമിക്കുമ്പോഴാണിത്. ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് ആവർത്തിച്ചുറപ്പിച്ച് മുന്നോട്ടുപോകാനാണ് ഇനി സി.പി.എം ശ്രമിക്കുക.
പ്രിയങ്കയുടെ സ്ഥാനാർഥിത്വം മറ്റു രണ്ടിടത്തും പ്രതിഫലിക്കുമെന്നതിനാൽ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിയും നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും മറ്റു മണ്ഡലങ്ങളിലെ ഈ കാറ്റുവീഴ്ചക്ക് തടയിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ചർച്ചകൾ വയനാട്ടിലേക്ക് വഴിമാറുമ്പോഴും സി.പി.എം പാലക്കാട്ട് ചുവടുറപ്പിക്കുന്നതിനും കാരണമിതാണ്. പാലക്കാട് ഐകകണ്േഠ്യനയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന കോൺഗ്രസ് ആത്മവിശ്വാസത്തെയും അവകാശവാദത്തെയും കെ. മുരളീധരനെ ഒന്നാം പേരുകാരനാക്കി ഡി.സി.സി നൽകിയ കത്ത് ഉയർത്തിക്കാട്ടിയാണ് ഇടതുക്യാമ്പ് കൈകാര്യം ചെയ്യുന്നത്. അതേസമയം, ബി.ജെ.പിയോട് സീറ്റിനായി ചർച്ച നടത്തിയയാളെ സ്ഥാനാർഥിയാക്കേണ്ടി വന്നതിലെ ഗതികേടും പാലക്കാട്ടെ പാർട്ടിക്കുള്ളിൽ പ്രാഥമിക ചർച്ചകളിൽ ഉയർന്ന പേര് മാറ്റേണ്ടി വന്നതെന്തെന്ന് തിരികെ ചോദിച്ചും കോൺഗ്രസ് പിടിച്ചു നിൽക്കുമ്പോഴാണ് ബി.ജെ.പിയുടെ പിന്തുണ തേടിയ സി.പി.എം നൽകിയ കത്ത് വീണുകിട്ടിയ ആയുധമാകുന്നത്.
1991 ആഗസ്റ്റിൽ നടന്ന പാലക്കാട് നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുവേണ്ടി ബി.ജെ.പി കൗൺസിലർമാരും വോട്ടുതേടിയുള്ള ഈ കത്ത് ഡീൽ വിവാദങ്ങൾ ആളിക്കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.