മഴയില്ലാതെ രണ്ടാഴ്ച: രാവിലെ മഞ്ഞ്, പിന്നാലെ കനത്ത ചൂട്
text_fieldsതൃശൂർ: പുലർച്ച നേരിയ മഞ്ഞ്, ഉച്ചയോടെ കനക്കുന്ന വെയിൽ. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മഴക്കാല ദിനങ്ങൾ ഇപ്പോൾ ഇങ്ങനെയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മഴ എത്തിനോക്കിയിട്ടുപോലുമില്ല. അവിടിവിടെ നേരിയ തോതിൽ ചാറിയതല്ലാതെ ഈ മാസം ആദ്യത്തിൽ ഭയം വിതച്ച് കടന്നുകളഞ്ഞ മഴയെ കാണാനില്ല.
കാലവർഷ വിരാമമോ അതോ അർധവിരാമമോ എന്നുപോലും പ്രവചിക്കാനാവുന്നില്ല. കാലാവസ്ഥവ്യതിയാനം അത്രമേലാണ് സംസ്ഥാനത്തെ ബാധിച്ചിരിക്കുന്നത്.അമ്പതോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും നൂറോളം പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടാക്കിയ അപ്രതീക്ഷിത മഴയാണ് ഈ മാസം ആദ്യത്തിലുണ്ടായത്.
കാലവർഷം രാജ്യമാകെ വ്യാപിച്ച് ഉത്തരേന്ത്യയിലടക്കം മേഘവിസ്ഫോടനം തീർക്കുമ്പോഴും കേരളം വേഴാമ്പലാവുകയാണ്. ഇങ്ങനെ പോയാൽ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറുമെന്ന നിഗമനമാണ് കാലാവസ്ഥവ്യതിയാന ഗവേഷകർ പങ്കുവെക്കുന്നത്.
കേരളത്തിന്‍റെ തനത് മഴസ്വഭാവത്തെ വല്ലാതെ ബാധിക്കുന്നതാണ് കഴിഞ്ഞ ദശകങ്ങളിലെ മാറ്റം. സന്തുലിതമായി ലഭിച്ചിരുന്ന മഴക്ക് ആഗോളതാപന നാളുകളിൽ വല്ലാത്ത മാറ്റമാണ് പ്രകടമാവുന്നത്. ഹൈറേഞ്ച് മേഖലയായ വയനാട് അടക്കം മഴ കുറഞ്ഞ സാഹചര്യം കഴിഞ്ഞ വർഷമുണ്ടായി.
തെക്കും വടക്കും കാലോചിതമായി പെയ്തിരുന്ന മഴയുടെ സമയമാറ്റവും പ്രകടമായി. ഒന്നാം പാദത്തിലെ കുറവ് രണ്ടാം പാദത്തിൽ നികത്തുന്ന കുറഞ്ഞകാല പതിവും ഇക്കുറി തെറ്റിച്ചു. ഒടുവിൽ കഴിഞ്ഞ നാലുവർഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
എല്ലാ ജില്ലയിലും മഴ കുറവാണെങ്കിലും നേരത്തേ മഴ കനത്ത വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ശരാശരി മഴ ലഭിച്ചിട്ടുണ്ട്. 1636ന് പകരം 1291 മില്ലിമീറ്റർ മഴക്കുറവിൽ 21 ശതമാനത്തിന്‍റെ മഴക്കമ്മിയാണ് സംസ്ഥാനത്തുള്ളത്. മഴ തിമിർത്ത ചാലക്കുടി അടക്കം വറ്റിവരളുന്നതിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
കേരളത്തിന്‍റെ കാർഷികമേഖലയെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. കാർഷിക കലണ്ടർതന്നെ മാറ്റിയെഴുതേണ്ട ഗതികേടിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. പ്രവചനാതീത കാലവർഷമായതിനാൽ മൺസൂൺ വിനോദസഞ്ചാരികളെ ആകർഷിക്കാനാവാത്ത സാഹചര്യവുമുണ്ട്.
അതിതീവ്ര കാലാവസ്ഥപ്രതിഭാസങ്ങളുടെ നാടായി വിലയിരുത്തപ്പെടുന്നതിനാൽ കേരളത്തിലേക്ക് സഞ്ചാരികൾ കുറയുന്നുമുണ്ട്. അപ്രതീക്ഷിത മഴയും വെയിലും മഞ്ഞും കൂടിയാവുമ്പോൾ ആരോഗ്യപ്രശ്നങ്ങളും ഏറുകയാണ്. അതേസമയം, അടുത്ത ആഴ്ച ബംഗാൾ ഉൾക്കടലിലുണ്ടാവുന്ന ആഗോള മഴപ്പാത്തിയുടെ ഭാഗമായി കേരളം മഴ പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.