ഒരേ നമ്പറിൽ രണ്ട് ടൂ വീലർ; വ്യാജൻ വരുത്തിയ നിയമ ലംഘനത്തിന് യഥാർഥ ഉടമ പിഴയടക്കണമെന്ന് ആർ.ടി.ഒ
text_fieldsരാമനാട്ടുകര: ഒരേ നമ്പറിൽ രണ്ട് ടൂ വീലർ, വ്യാജൻ റോഡ് നിയമം ലംഘിച്ചപ്പോൾ പിഴ നടപടി നേരിടേണ്ടിവന്നത് യഥാർഥ ഉടമക്ക്. പരാതിയുമായി ആർ.ടി.ഒയെ സമീപിച്ചപ്പോൾ പിഴയടച്ച് തലയൂരാൻ ഉദ്യോഗസ്ഥരുടെ നിർദേശം. എന്നാൽ പിഴ അടക്കില്ലെന്നും, വ്യാജനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നുമുള്ള യഥാർഥ ഉടമയുടെ അഭ്യർഥന ചെവിക്കൊള്ളാതെ ഉദ്യോഗസ്ഥരും.
രാമനാട്ടുകര സ്വദേശി കുരിക്കൽ തൊടി പൊറകുറ്റി സുബ്രമണ്യനാണ് തന്റേതല്ലാത്ത കുറ്റത്തിന് ആർ.ടി.ഒ ഓഫിസ് കയറിയിറങ്ങേണ്ടിവരുന്നത്. ഇദ്ദേഹത്തിന്റെ മകൻ അമൃതത്തിന്റെ പേരിലുള്ള കെ.എൽ.11. ബി.എൻ 4419 നമ്പർ യമഹ സ്കൂട്ടറിന്റെ നമ്പർ വ്യാജമായി ഉപയോഗിച്ച് കോഴിക്കോട് സിറ്റിയിൽ കറങ്ങിനടക്കുന്ന ബൈക്ക് യാത്രക്കാരനാണ് നിയമം തെറ്റിച്ച് മാങ്കാവിലെ നിരീക്ഷണ കാമറയിൽ കഴിഞ്ഞ ആഗസ്റ്റ് 30ന് കുടുങ്ങിയത്.
ഇതനുസരിച്ച് 500 രൂപ പിഴ അടക്കണമെന്ന് കാണിച്ച് കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (എൻഫോഴ്സ്മെന്റ് ) സുബ്രമണ്യന്റെ മകന്റെ പേരിൽ നോട്ടീസ് അയച്ചു. ഇതോടൊന്നിച്ച് വാഹനത്തിന്റെ നമ്പർ സഹിതം ചിത്രവും അയച്ചുകൊടുത്തിരുന്നു. ഈ ചിത്രത്തിലാണ് വ്യാജ നമ്പർ പതിച്ച ബൈക്കിന്റെ ചിത്രവും ഇതിൽ ഒരു പുരുഷനും സ്ത്രീയും യാത്ര ചെയ്യുന്നതും വ്യക്തമായത്.
തന്റെ മകന്റെ സ്കൂട്ടറിന്റെ നമ്പർ ഉപയോഗിച്ച് മറ്റൊരു ബൈക്ക് കറങ്ങിനടക്കുന്നുണ്ടെന്നും നിയമം ലംഘിച്ചത് തന്റെ മകനല്ലെന്നും കാണിച്ച് സുബ്രമണ്യൻ ഫറോക്ക് ആർ.ടി.ഒയിലും അവരുടെ നിർദേശപ്രകാരം കോഴിക്കോട് ആർ.ടി.ഒയിലും പോയി നിരപരാധിത്വം തെളിയിച്ചു. ഒരാഴ്ച കഴിഞ്ഞ് വിവരം അറിയിക്കാം എന്ന നിർദേശത്തെ തുടർന്ന് ഇദ്ദേഹം തിരിച്ചുപോന്നു.
എന്നാൽ തിങ്കളാഴ്ച ചേവായൂരിലെ ആർ.ടി.ഒ ഓഫിസിൽ നിന്നും ഫോണിൽ വിളിച്ച് 500 രൂപ പിഴ അടച്ച് നൂലാമാലകളിൽ നിന്നും ഒഴിയാം എന്ന നിർദേശമാണ് ലഭിച്ചതെന്നും സുബ്രമണ്യൻ പറഞ്ഞു. എന്നാൽ തന്റേതല്ലാത്ത കുറ്റത്തിന് പിഴ അടക്കില്ലെന്നും വ്യാജ നമ്പറിൽ ഓടുന്ന ബൈക്ക് യാത്രക്കാരനെ പിടികൂടണമെന്നും ഇനിയും ഇയാൾ വരുത്തിവെക്കുന്ന നിയമ ലംഘനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും സുബ്രമണ്യൻ അറിയിച്ചു.
ആർ.ടി.ഒ ഓഫിസിൽ നിന്നും ഉദ്യോഗസ്ഥർ കൈമലർത്തിയ സ്ഥിതിക്ക് ഇതു സംബന്ധിച്ച് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ് സുബ്രമണ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.