ബേക്കറിയുടെ മാലിന്യടാങ്കിലിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
text_fieldsചാലക്കുടി: കാരൂരിൽ ബേക്കറിയുടെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. കുഴിക്കാട്ടുശ്ശേരി ചൂരിക്കാടൻ രാമകൃഷ്ണന്റെ മകൻ സുനിൽകുമാർ (52), കാരൂർ വരദനാട് കോളനിയിലെ പാണപ്പറമ്പിൽ വീട്ടിൽ ശിവരാമന്റെ മകൻ ജിതേഷ് (45) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ആളൂർ സ്വദേശി പുല്ലുപറമ്പിൽ വീട്ടിൽ ജോഫ്രിൻ തോമസിന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ’ ബേക്കറിയിലാണ് സംഭവം. ബേക്കറിയിലെ ഡ്രെയ്നേജ് സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിനാൽ അഴുക്കുവെള്ളം പോകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. അഴുക്കുചാലിൽ പരിശോധന നടത്തിയ പാചകക്കാരനായ സുനിൽകുമാറും സഹായി ജിതേഷും തുടർന്ന് സിങ്കിന് താഴെയുള്ള ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുകയായിരുന്നു. വായുസഞ്ചാരമില്ലാത്തതിനാൽ രണ്ടുപേരും ടാങ്കിലകപ്പെട്ടു. 10 അടി വീതിയും 10 അടി നീളവും എട്ട് അടിയിലേറെ താഴ്ചയുമുള്ള കുഴിയിൽ നാലടിയോളം മാലിന്യം നിറഞ്ഞിരുന്നു. സുനിൽകുമാർ ചളിയിൽ മുങ്ങിയതിനെ തുടർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജിതേഷും അകപ്പെടുകയായിരുന്നു. ഇവരെ കാണാതായതിനെ തുടർന്ന് ബേക്കറി ഉടമ ജെഫ്രിൻ ചാലക്കുടിയിലെ അഗ്നിരക്ഷാസേന വിഭാഗത്തെ അറിയിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി. സന്തോഷ്‌കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ എസ്. സുജിത്, സന്തോഷ്‌കുമാർ, ആർ.എം. നിമേഷ്, എസ്. അതുൽ, നിഖിൽ കൃഷ്ണൻ, സുരാജ്‌കുമാർ, യു. അനൂപ്, ഹോംഗാർഡുമാരായ കെ.എസ്. അശോകൻ, കെ.പി. മോഹനൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. സന്തോഷ്‌കുമാർ, എസ്. അതുൽ എന്നിവർ ടാങ്കിലിറങ്ങി നടത്തിയ തിരച്ചിലിൽ രണ്ടുപേരെയും കണ്ടെത്തി. കയറിൽ ബന്ധിച്ച് മുകളിലെത്തിച്ച് ആംബുലൻസിൽ പ്രഥമശുശ്രൂഷ നൽകി രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.