തോട്ടിൽ കാൽവഴുതി വീണ് ഒഴുകിയ രണ്ടു വയസ്സുകാരിക്ക് ഇത് രണ്ടാംജന്മം
text_fieldsപാലാ: രണ്ടുവയസ്സുകാരി കൊച്ചുതെരേസക്ക് ഇത് രണ്ടാംജന്മം. അമ്മവീടിനടുത്ത് പൊന്നൊഴുകും തോടിന് സമീപത്തെ കൈത്തോട്ടിൽ കാൽവഴുതി വീണ തെരേസയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് കുളിക്കാനിറങ്ങിയ കുട്ടികൾ.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പാലാ ചാവറ സ്കൂൾ അധ്യാപകനായ കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളായ തെരേസ അമ്മവീടായ മല്ലികശ്ശേരിയിലെ പുത്തൻപുരയ്ക്കൽ വീട്ടിൽ അമ്മ ബിന്ദുവിനോടൊപ്പമായിരുന്നു. വൈകീട്ട് വീടിന് സമീപെത്ത കൈത്തോട്ടിൽ വീണത് ആരും കണ്ടില്ല.
200 മീറ്ററോളം ഒഴുകി പൊന്നൊഴുകും തോട്ടിലേക്ക് ചേരുന്ന ഭാഗത്ത് എത്തി.
തോട്ടിൽ കുളിക്കുകയായിരുന്ന കാരിമറ്റത്തിൽ സീനയും കൂട്ടുങ്കൽ പ്രിൻസിയും കുട്ടി ഒഴുകി വരുന്നതുകണ്ടു. ഇവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. അലമുറയിട്ടതോടെ സമീപത്തുണ്ടായിരുന്ന കല്ലമ്പള്ളിൽ ആനന്ദും കൂട്ടുകാരും ചേർന്ന് കരക്കുകയറ്റി. അബോധാവസ്ഥയിലായിരുന്ന തെരേസയെ ഉടൻ പുതിയിടം ആശുപത്രിയിലെത്തിച്ചു.
പ്രഥമശുശ്രൂഷ നൽകി പാലാക്ക് കൊണ്ടുപോകാൻ നിർദേശിച്ചതിനെത്തുടർന്ന് ആംബുലൻസ് വിളിക്കാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന മാണി സി. കാപ്പൻ എം.എൽ.എ തെൻറ വണ്ടിയിൽ പാലാ മരിയൻ മെഡിക്കൽ സെൻററിൽ എത്തിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി, സിസ്റ്റർ ബെൻസി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.