വലിയവേളി കടപ്പുറത്ത് രണ്ടു വയസുകാരൻ തിരയിൽപ്പെട്ടു മരിച്ചു
text_fieldsകഴക്കൂട്ടം: നഗരസഭ പൗണ്ടുകടവ് വാർഡിൽ വലിയവേളി കടപ്പുറത്ത് രണ്ടു വയസുള്ള പിഞ്ചുകുഞ്ഞിനെ വീടിന് സമീപത്തെ കടലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. വലിയവേളി തൈവിളാകത്ത് മത്സ്യതൊഴിലാളിയായ അനീഷ്-സുലു ദമ്പതികളുടെ ഏക മകനായ ഇക്കാലിയ (രണ്ട്) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അയലത്തെ കുട്ടികളോടൊപ്പം രാവിലെ 11 മണിയോടെ വീട്ടിൽ കളിക്കവേ കുഞ്ഞിനെ കാണാതാവുകയായിരുന്നു . ഉടൻ തന്നെ വീട്ടുകാർ തുമ്പ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 300 മീറ്റർ മാറി വേളി പൊഴിക്കരക്ക് സമീപം കടൽക്കരയിൽ കുഞ്ഞിനെ കണ്ടെത്തി. തുമ്പ സി.ഐ.അജീഷിെൻറ നേതൃത്വത്തിൽ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം വേളി പള്ളിയിൽ സംസ്കരിക്കും. മറ്റ് കുട്ടികളോടൊപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു പ്രാവശ്യം പുറകിലത്തെ ഗേറ്റ് വഴി പുറത്ത് പോയ കുട്ടിയെ അമ്മ അകത്ത് കയറ്റുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുന്നിലത്തെ ഗേറ്റിലൂടെ കുട്ടി വീണ്ടും പുറത്തിറങ്ങിയതാണ് ദുരന്തത്തിന് കാരണം. കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും തുമ്പ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.