ബാലഭാസ്കറിെൻറ അപകടത്തിന് ഇന്ന് രണ്ടാണ്ട്
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മരണത്തിലേക്ക് വഴിെവച്ച ദുരൂഹ അപകടത്തിന് ഇന്ന് രണ്ടുവർഷം. അതേദിനത്തിൽ സംശയിക്കുന്നവരെ നുണപരിശോധനക്ക് വിധേയമാക്കുന്ന നിർണായക നടപടികളുമായി സി.ബി.െഎയും. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചയാണ് കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വാഹനാപകടമുണ്ടായത്.
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടം. ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും ഡ്രൈവര്‍ അര്‍ജുനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഒന്നരവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കർ വിടപറഞ്ഞത്.
ഇൗ അപകടവുമായി ബന്ധപ്പെട്ട് ദുരൂഹത നിറഞ്ഞ നിരവധി കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിലൊക്കെ വ്യക്തതവരുത്താനാണ് സി.ബി.െഎ നീക്കം. കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. ആദ്യം മുതലേ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബാലുവിെൻറ പിതാവ് ഉണ്ണി രംഗത്തെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം നേരായ രീതിയിലല്ലെന്നും ബാലുവിേൻറത് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്കി. ഇതോടെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഈവര്‍ഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബാലഭാസ്കറിെൻറ മുൻ മാനേജര്‍ പ്രകാശന്‍തമ്പി, ഡ്രൈവര്‍ അര്ജുന് എന്നിവരെ ഇന്ന് നുണ, ശബ്ദപരിശോധനക്ക് വിധേയരാക്കുമെന്നാണ് വിവരം. പരിശോധന നടത്തുന്ന ഫോറന്‍സിക് വിദഗ്ധര്‍ വെള്ളിയാഴ്ച പുലര്‍ച്ചയെത്തും. നുണപരിശോധനയിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ. വിദഗ്ധസംഘം സി.ബി.ഐയുടെ സഹായത്തോടെ ചോദ്യങ്ങള്‍ തയാറാക്കും.
സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങളും ആരായും. ചുരുങ്ങിയത് ഒരാഴ്ചക്കകം നുണപരിശോധനയുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ലഭിക്കുമെന്ന് കരുതുന്നതായി സി.ബി.ഐ വ്യക്തമാക്കി. ശനിയാഴ്ച കലാഭവന്‍ സോബി, വിഷ്ണു സോമസുന്ദരം എന്നിവര്‍ക്കും നുണപരിശോധന നടത്തും. ബാലഭാസ്കറിെൻറ മാനേജര്‍മാരായിരുന്ന പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് ബാലഭാസ്കറിെൻറ അപകടമരണത്തിന് പുതിയ മാനങ്ങളുണ്ടായത്.
ബാലഭാസ്കറെ മറയാക്കി പ്രതികള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന് പിതാവ് ഉണ്ണിതന്നെ ആരോപിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം നുണപരിശോധനയിൽ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് സി.ബി.െഎ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.