മയക്കുമരുന്ന് നിർമ്മാണ ഗുളികകളുമായി കാപ്പാ പ്രതിയടക്കം രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsമാന്നാർ: മയക്കുമരുന്ന് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഗുളികകളുമായി കാപ്പാ പ്രതിയടക്കം രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈതവന സനാതനപുരം പടൂർ വീട്ടിൽ ജിതിൻലാൽ (ജിത്തു 22), ആലപ്പുഴ പഴവീട് ചാക്കുപറമ്പ് വീട്ടിൽ അനന്ദു അരവിന്ദ് (കണ്ണൻ 24) എന്നിവരെയാണു മാന്നാർ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് തിരുവല്ല -കായംകുളം സംസ്ഥാനപാതയിൽ ആലുമൂട് ജങ്ഷന് സമീപം വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. നമ്പറില്ലാത്ത ബൈക്കിലാണ് പ്രതികൾ വന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. ഡോക്ടറുടെ വ്യാജ കുറിപ്പുണ്ടാക്കി വാങ്ങിയ മയക്കുഗുളികയുടെ ഒൻപത് സ്ട്രിപ്പുകളിൽനിന്ന് 86 എണ്ണത്തോളം പൊലീസ് പിടിച്ചെടുത്തു.
ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ പ്രതികൾ വാങ്ങുന്നത്. ഗുളികയുടെ കൂടെ മറ്റ് മയക്കുമരുന്ന് ചേരുവകൾ കൂടിച്ചേർത്ത് കൂടുതൽ ലഹരിയുള്ള മയക്കുമരുന്നാക്കിയാണ് ഇവർ കച്ചവടം നടത്തുന്നത്. ആലപ്പുഴ സൗത്ത്, പുന്നപ്ര പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരിൽ അനന്ദുഅരവിന്ദ് കാപ്പ കേസിൽ രണ്ട് മാസം മുൻപാണ് ജയിൽ മോചിതനായത്.
പൊലിസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.എസ്. അഭിരാം, ജോൺ തോമസ്, ശ്രീകുമാർ, അഡീഷണൽ എസ്.ഐ ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, സിദ്ദീഖുൽ അക്ബർ, ഹരിപ്രസാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.