വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
text_fieldsഒല്ലൂര്‍ (തൃശൂർ): മരോട്ടിച്ചാല്‍ ഒലക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചങ്ങാലൂര്‍ ശാന്തിനഗറില്‍ വെണ്ണാട്ടുപറമ്പില്‍ ആന്റോയുടെ മകന് സാന്റോ ടോം (22), തയ്യാലക്കല്‍ ഷാജന്റെ മകന് അക്ഷയ് രാജ് (22) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായാണ് സാന്റോയും അക്ഷയും മറ്റൊരു കൂട്ടുകാരൻ ആല്‍വിനും മരോട്ടിച്ചാലില്‍ എത്തിയത്. തുടര്‍ന്ന് കാടിനുള്ളിലെ ഒലക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. സാന്റോയും അക്ഷയും മുകളിലെ വെള്ളച്ചാട്ടത്തിലും ആല്വിന് താഴെയുള്ള വെള്ളച്ചാട്ടത്തിലുമാണ് കുളിക്കാനിറങ്ങിയത്. കുറച്ചുസമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ആല്വിന് അന്വേഷിച്ച് മുകളിലെത്തിയപ്പോഴാണ് ഒരാളുടെ കൈകൾ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്നത് കണ്ടത്.
ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന വനപാലകര്‍ എത്തി ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. തൃശൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.
സാന്റോ ഡിപ്ലോമ കഴിഞ്ഞ് പുണെയിലെ ബജാജ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മാതാവ്: ലൂസി. സഹോദരന്: ആല്‍വി ഫ്രഫാലിയോ. അക്ഷയിന്റെ മാതാവ്: പൗളി. സഹോദരി: ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.