കുട്ടികളിലെ ടൈപ് വൺ പ്രമേഹം: പരിശീലന പദ്ധതി കടലാസിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ടൈപ് വൺ പ്രമേഹബാധതിരായ കുട്ടികളെ പരിപാലിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുന്നതുസംബന്ധിച്ച അപേക്ഷ ഒരു മാസത്തിലേറെയായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡെസ്പാച്ചിൽ കെട്ടിക്കിടക്കുന്നു. കത്ത് അതത് വകുപ്പുകളിലേക്ക് അയക്കാൻ സ്റ്റാമ്പില്ലെന്ന കാരണമാണ് അധികൃതർ പറയുന്നത്.
വേഗം പരിഹരിക്കാൻ കഴിയുന്ന പ്രശ്നമായിട്ടും അധികൃതരുടെ അനാസ്ഥ കാരണമാണ് ഗൗരവമുള്ള കത്ത് ഡെസ്പാച്ചിൽ കെട്ടിക്കിടക്കുന്നത്. ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ രക്ഷാകർത്താക്കളുടെ സംഘടനയായ ടൈപ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ കേരള അധ്യാപകർക്ക് പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ട് 2023 തുടക്കത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയിരുന്നു.
പല ഘട്ടങ്ങളിലൂടെ കടന്ന് കത്ത് ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് എം സെക്ഷനിൽനിന്ന് ഡെസ്പാച്ചിലേക്ക് എത്തിയത്. സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകണമെന്ന് കഴിഞ്ഞ ജൂണിൽ ബാലാവകാശ കമീഷൻ ഉത്തരവിറക്കിയിരുന്നു. അടുത്ത അധ്യയന വർഷം ആരംഭിക്കാൻ ഒന്നര മാസം ശേഷിക്കുമ്പോഴും വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തില്ല.
ഒക്ടോബർ ആദ്യവാരം കോഴിക്കോട് ഡയറ്റ് ജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി. മറ്റ് ജില്ലകളിലും നടപ്പാക്കാൻ സർക്കാറിന്റെ ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷാകർത്താക്കൾ നിവേദനം നൽകിയത്. സംസ്ഥാനത്താകെ 2200ൽ അധികം ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടൈപ് വൺ പ്രമേഹം
ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥയെയാണ് ടൈപ് വൺ പ്രമേഹം എന്ന് പറയുന്നത്. അസുഖബാധിതരായ കുട്ടികളുടെ ഷുഗർ നിലയിൽ എപ്പോൾ വേണമെങ്കിലും മാറ്റംവരാം. അപ്പോൾ കുട്ടികൾക്ക് ഇൻസുലിനെടുക്കാൻ മാതാപിതാക്കൾ കൃത്യസമയത്ത് സ്കൂളിലെത്തണം. മാതാപിതാക്കൾ വിവരമറിഞ്ഞ് സ്കൂളിലെത്തുമ്പോഴേക്ക് കുട്ടിയുടെ നില ഗുരുതരമായിട്ടുണ്ടാകും.
അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുന്നത് സഹായകമാകും. ടൈപ് വൺ പ്രമേഹ രോഗബാധിതരായ കുട്ടികൾ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -250 പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.