ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. ചോദ്യപേപ്പർ നിർമാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിർവഹിക്കപ്പെടുന്നത്. ഇതിൽ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും.
വിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും ആണ് അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. രണ്ടുവർഷത്തെയും ചോദ്യപേപ്പറുകളിലായി ഇരുപതിലധികം തെറ്റുകളുണ്ട്. നേരത്തെ പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.
തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.
ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആരോപിച്ച് അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അക്ഷരങ്ങൾ ചേർത്ത് എഴുതുന്നതിലും പ്രയോഗങ്ങളിലും തെറ്റുകളുണ്ട് എന്നും പരാതി ഉയരുന്നുണ്ട്. തുടർച്ചയായി ഭൂരിഭാഗം ചോദ്യപേപ്പറുകളിലും അച്ചടിപ്പിശകുകളും അർഥവ്യത്യാസങ്ങളും കണ്ടെത്തിയതോടെ പൊതു വിദ്യാഭ്യാസ വകുപ്പ് കടുത്ത വിമർശനത്തിന് വിധേയമാവുകയാണ്.
അതേസമയം, ഹയർസെക്കൻഡറി ചോദ്യപേപ്പറിലെ അക്ഷരത്തെറ്റിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. അക്ഷരത്തെറ്റ് ഉണ്ടായ സംഭവം ഗൗരവതരമെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാക്കാൻ ഇത് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.